മോദിയുടെ അക്രമഭരണത്തിനെതിരെ പോരാടുന്ന യുവാക്കളുടെ ധൈര്യം പ്രശംസനീയം; വിദ്യാർഥികളെ പ്രകീർത്തിച്ച് രാഹുൽ ഗാന്ധി

വിദ്യാർത്ഥി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'അക്രമ ഭരണത്തിനെതിരെ' ഉറച്ചുനിന്ന് ചോദ്യങ്ങൾ ചോദിക്കുന്ന രാജ്യത്തെ യുവതലമുറയുടെ ധൈര്യവും നിശ്ചയദാർഢ്യവും പ്രശംസനീയമാണെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ചോദ്യപേപ്പർ ചോർച്ചയ്ക്കും പരീക്ഷാ ക്രമക്കേടുകൾക്കുമെതിരെ സമരം ചെയ്യുകയും പോലീസ് അതിക്രമങ്ങൾ നേരിടേണ്ടി വരികയും ചെയ്ത വിദ്യാർഥികളുമായി നടത്തിയ സംവാദത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ടാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം.

​ശാന്തതയും സ്‌നേഹവും ഹാസ്യവും മുൻനിർത്തിയാണ് യുവാക്കൾ തങ്ങളുടെ ശബ്ദമുയർത്തിയതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ബി.ജെ.പി ഗുണ്ടകളുടെ അധിക്ഷേപങ്ങൾക്കും അതിക്രമങ്ങൾക്കും ഇരയാവുകയും, നിർബന്ധപൂർവ്വം മാപ്പുപറയിപ്പിക്കപ്പെടുകയും ചെയ്ത പെൺകുട്ടികളെയോർത്ത് അഭിമാനമുണ്ടെന്നും എന്നാൽ ഇനി ഇവരുടെ ശബ്ദങ്ങൾ അടിച്ചമർത്താൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

​ഓഗസ്റ്റ് 22-ന് പൂനെയിൽ നടക്കുന്ന 'ഛാത്രോം കി ഗൂഞ്ച്' (വിദ്യാർഥികളുടെ ശബ്ദം) പരിപാടി പൂർണ്ണമായും പെൺകുട്ടികൾക്കായിരിക്കും നീക്കിവെക്കുകയെന്നും രാഹുൽ ഗാന്ധി പ്രഖ്യാപിച്ചു. "ഇനി പെൺകുട്ടികൾ സംസാരിക്കും, രാജ്യം അത് കേൾക്കും," എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Tags

Share this story