സംവിധായകൻ എന്നോട് മോശമായി പെരുമാറി; വീട്ടിൽ വന്ന് കുറേ കരഞ്ഞു: വെളിപ്പെടുത്തലുമായി നടി ലാവണ്യ

Lavanya

സിനിമാ മേഖലയിൽ നിന്ന് തനിക്കുണ്ടായ മോശം അനുഭവം വെളിപ്പെടുത്തി നടി ലാവണ്യ ത്രിപാഠി. ഒരു തമിഴ്‌ സംവിധായകൻ മോശമായി പെരുമാറിയെന്നാണ് നടിയുടെ വെളിപ്പെടുത്തൽ. അടുത്തിടെ നടന്ന ആരാധക സംഗമത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. പത്ത് വർഷം മുൻപ് നടന്ന സംഭവമാണിതെന്നും ലാവണ്യ പറയുന്നുണ്ട്.

സിനിമാ കുടുംബ പശ്ചാത്തലം എനിക്കില്ല. സിംഗിൾ വുമൺ എന്ന നിലയിൽ പലപ്പോഴും സഹായിക്കാൻ ആരുമുണ്ടാകില്ല. ഞാൻ ചെയ്യാനിരുന്നൊരു തമിഴ് സിനിമയുണ്ട്. സംവിധായകന്റെ ഭാഗത്തുനിന്നും ശരിയല്ലാത്ത സമീപനമുണ്ടായി. അത് എന്നെ അസ്വസ്ഥയാക്കി. അതിനാൽ ആ സിനിമയോട് നോ പറഞ്ഞു. അതിനുശേഷം എനിക്കെതിരെ അവർ കേസ് കൊടുത്തു. എന്നെക്കുറിച്ച് പത്രങ്ങളിൽ തെറ്റായ വാർത്തകളും നൽകി. ഞാനിത് ആദ്യമായാണ് പുറത്തുപറയുന്നത്.

അന്ന് ആരോടും പറയുകയോ സഹായം തേടുകയോ ചെയ്തിരുന്നില്ല. പക്ഷേ സമ്മർദ്ദം കാരണം ഒരുദിവസം വീട്ടിൽ വന്നിരുന്ന് കുറേ കരഞ്ഞു. പൊതുവെ ഞാൻ അങ്ങനെ കരയാറില്ല. കരഞ്ഞതിന് ശേഷം ഞാൻ എഴുന്നേറ്റ് ഒരു ചായ ഉണ്ടാക്കിക്കുടിച്ച് സ്വയം ആശ്വസിപ്പിച്ചു. കരയുന്നത് നല്ലതാണ്. പ്രശ്നമില്ല. ഞാൻ അത്തരം സാഹചര്യങ്ങൾ അഭിമുഖീകരിച്ചിട്ടുണ്ട്. ഇതെല്ലാം നിങ്ങളെ വളരെ ശക്തരാക്കുന്നു. എനിക്ക് ആ വ്യക്തിയോടൊപ്പം പ്രവർത്തിക്കുന്നത് ശരിയല്ലെന്ന് തോന്നി. അതുകൊണ്ടാണ് ഇല്ലെന്ന് പറഞ്ഞത്. അതിനുശേഷവും അവർ എന്നെ ബുദ്ധിമുട്ടിച്ചിട്ടുണ്ട്'- ലാവണ്യ പറഞ്ഞു.

Tags

Share this story