തിരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം നൽകണം; ജനങ്ങളുടെ സംശയങ്ങൾ ദൂരീകരിക്കണമെന്ന് ബി.ജെ.പി സഖ്യകക്ഷികൾ

ബിജെപി സഖ്യകക്ഷികൾ

എസ്.ഐ.ആറുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനിൽ രൂപപ്പെട്ട ആഭ്യന്തര ഭിന്നതകളിൽ വിശദീകരണം വേണമെന്ന ആവശ്യവുമായി ബി.ജെ.പി സഖ്യകക്ഷികൾ. ജനങ്ങളുടെ മനസ്സിലുള്ള സംശയങ്ങൾ ദൂരീകരിക്കാൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ അടിയന്തരമായി ഇടപെടണമെന്നാണ് എൻ.ഡി.എ മുന്നണിയിലെ പ്രധാന പാർട്ടികളായ ടി.ഡി.പി, എൽ.ജെ.പി-ആർ.വി, ആർ.എൽ.എം എന്നിവരുടെ ആവശ്യം.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ സുപ്രധാന തീരുമാനങ്ങൾ തങ്ങളുടെ അറിവോടെയല്ലെന്നും നടപടിക്രമങ്ങളിൽ ഗുരുതര വീഴ്ചകളുണ്ടെന്നും ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുഖ്ബീർ സിംഗ് സന്ധുവും വിവേക് ജോഷിയും കഴിഞ്ഞ പത്തു മാസത്തിനിടെ 14 തവണ രേഖാമൂലം എതിർപ്പറിയിച്ചിരുന്നുവെന്ന് ഇന്ത്യൻ എക്സ്പ്രസ്സിന്റെ ഇൻവെസ്റ്റിഗേഷൻ റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെ കമ്മീഷനെതിരെ പ്രതിപക്ഷം കടുത്ത ആരോപണങ്ങളുമായി രംഗത്തെത്തിയ സാഹചര്യത്തിലാണ് ബി.ജെ.പി സഖ്യകക്ഷികളും നിലപാട് കടുപ്പിക്കുന്നത്.

സ്വതന്ത്ര ഭരണഘടനാ സ്ഥാപനമായ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ചോദ്യങ്ങൾ ഉയരുന്നുണ്ടെങ്കിൽ, സ്വന്തം നിലപാട് വ്യക്തമാക്കേണ്ട ഉത്തരവാദിത്തം മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്കുണ്ട്. തിരഞ്ഞെടുപ്പ് പ്രക്രിയയെത്തന്നെ ജനങ്ങൾ സംശയിക്കാൻ തുടങ്ങിയാൽ അത് പ്രശ്നകരമാണ്. തിരഞ്ഞെടുപ്പ് കമ്മീഷൻ രാഹുൽ ഗാന്ധിയോടല്ല, മറിച്ച് പൊതുജനങ്ങളോടാണ് നിലപാട് വ്യക്തമാക്കേണ്ടത്. ജനങ്ങളുടെ മനസ്സിലുള്ള സംശയങ്ങൾ കമ്മീഷൻ ദൂരീകരിക്കണം," എന്ന് കേന്ദ്രമന്ത്രിയും എൽ.ജെ.പി അധ്യക്ഷനുമായ ചിരാഗ് പാസ്വാൻ പറഞ്ഞു.

ആന്ധ്രാപ്രദേശിൽ വോട്ടർപട്ടിക പരിഷ്കരണം സുതാര്യമായാണ് നടന്നതെന്ന് അവകാശപ്പെട്ട ടി.ഡി.പി ലോക്‌സഭാ കക്ഷി നേതാവ് ലാവു ശ്രീകൃഷ്ണ ദേവരായലു, ജനാധിപത്യ സംവിധാനത്തിന്റെ കാവലാളായ കമ്മീഷൻ എപ്പോഴും സുതാര്യത പുലർത്തണമെന്ന് ഓർമ്മിപ്പിച്ചു. ഉയരുന്ന സംശയങ്ങൾക്ക് വ്യക്തമായ മറുപടി നൽകുന്നത് കമ്മീഷനിലുള്ള പൊതുജനവിശ്വാസം വർധിപ്പിക്കുകയേ ഉള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങളിൽ പ്രശ്നമുണ്ടെന്ന് വ്യക്തമാണെന്നും, ഉയരുന്ന ചോദ്യങ്ങളിലും ആശങ്കകളിലും കമ്മീഷൻ നിലപാട് വ്യക്തമാക്കണമെന്നും ആർ.എൽ.എം അധ്യക്ഷൻ ഉപേന്ദ്ര കുശ്വാഹ എം.പി ആവശ്യപ്പെട്ടു. അതേസമയം, ആരോപണങ്ങൾ സത്യമാണെങ്കിൽ എന്തുകൊണ്ടാണ് പ്രതിപക്ഷം ഔദ്യോഗികമായി പരാതി നൽകുന്നില്ലെന്ന്, ജെ.ഡി.യു വക്താവ് രാജീവ് രഞ്ജൻ ചോദിച്ചു.

Tags

Share this story