സ്കൂട്ടറിനു പുറകിലെ ഗിറ്റാറിന് ഹെൽമറ്റ് ഇല്ല; 500 രൂപ പിഴയിട്ട് എഐ ക്യാമറ

ചെല്ലാൻ

ബംഗളൂരു: പുറകിൽ തൂക്കിയ ഗിറ്റാറിന് ഹെൽമറ്റില്ലാത്തതിന്‍റെ പേരിൽ 500 രൂപ പിഴയിട്ട് എഐ ട്രാഫിക് ക്യാമറ. ബംഗളൂരുവിലാണ് സംഭവം. സൗവിക് ദത്ത എന്നയാളാണ് തനിക്കുണ്ടായ വിചിത്രമായ അനുഭവത്തെക്കുറിച്ച് വ്യക്തമാക്കിക്കൊണ്ട് എക്സിൽ പോസ്റ്റിട്ടത്.

എന്‍റെ ഭാര്യയുടെ സ്കൂട്ടറിൽ പുറത്ത് ഗിറ്റാർ തൂക്കിക്കൊണ്ടാണ് ഞാൻ യാത്ര ചെയ്തിരുന്നത്. ഒപ്പം മറ്റാരുമുണ്ടായിരുന്നില്ല. സഹയാത്രക്കാരൻ ഹെൽമറ്റ് വച്ചിട്ടില്ലെന്ന് കാരണം കാണിച്ച് 500 രൂപ പിഴയിട്ടതായി ഭാര്യക്ക് മെസേജ് ലഭിച്ചു. തനിക്കു പുറകിൽ ഗിറ്റാർ ആണെന്ന് വ്യക്തമാക്കുന്ന ചിത്രമാണ് പിഴയ്ക്കൊപ്പം അയച്ചിരിക്കുന്നതെന്നും ദത്ത പറയുന്നു. ദയവു ചെയ്ത് ഈ ചലാൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ബംഗളൂരു ട്രാഫിക് പൊലീസിനെ ടാഗ് ചെയ്താണ് പോസ്റ്റ് ഇട്ടത്.

തൊട്ടു പിന്നാലെ തന്നെ പ്രശ്നപരിഹാരത്തിനായി മെയിൽ ചെയ്യാനുള്ള ഐഡിയും ഫോൺ നമ്പറും ബംഗളൂരു പൊലീസ് പങ്കു വച്ചു.രസകരമായ കമന്‍റുകളാണ് പോസ്റ്റിനു താഴെയുള്ളത്. ഗിറ്റാറിന് ഒരു ബോഡിയുണ്ട്, നെക്കുണ്ട്, അതു കൊണ്ട് ഉറപ്പായും തലയുണ്ടായിരിക്കും. അപ്പോൾ ഉറപ്പായും ഹെൽമറ്റ് വയ്ക്കണമെന്നാണ് ഒരാൾ പറയുന്നത്.

Tags

Share this story