അയോധ്യയിൽ ഏറ്റവും കൂടുതൽ തട്ടിപ്പ് നടന്നത് കുംഭമേളക്കാലത്ത്; യോഗി ആദിത്യനാഥിന് നേരിട്ട് റിപ്പോർട്ട് നൽകി എസ്ഐടി
ലഖ്‌നൗ: അയോധ്യയിലെ രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ടും ഭക്തർ സമർപ്പിച്ച കാണിക്കകളിലും വലിയ രീതിയിലുള്ള സാമ്പത്തിക ക്രമക്കേടുകൾ നടന്നതായി പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) കണ്ടെത്തൽ. 2025 ജനുവരി-ഫെബ്രുവരി മാസങ്ങളിൽ നടന്ന മഹാകുംഭമേളയുടെ സമയത്താണ് ഏറ്റവും കൂടുതൽ തട്ടിപ്പുകൾ നടന്നതെന്നാണ് അന്വേഷണ സംഘം ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
കുംഭമേളക്കാലത്ത് പ്രതിദിനം ലക്ഷക്കണക്കിന് ഭക്തരാണ് ക്ഷേത്രത്തിൽ ദർശനത്തിനായി എത്തിയിരുന്നത്. ഈ സമയത്ത് മണിക്കൂറുകൾക്കുള്ളിൽ തന്നെ കാണിക്ക വഞ്ചികൾ നിറഞ്ഞിരുന്നു. ഇതിന്റെ കൃത്യമായ കണക്കുകൾ സൂക്ഷിക്കുന്നതിലും സ്വർണം, വെള്ളി ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള വസ്തുക്കളുടെ ഇൻവെന്ററി തയ്യാറാക്കുന്നതിലും ഗുരുതരമായ വീഴ്ചകൾ സംഭവിച്ചതായി റിപ്പോർട്ടിൽ പറയുന്നു.
ക്ഷേത്ര ട്രസ്റ്റിലെ ചില ഭാരവാഹികൾക്ക് കാണിക്കയായി ലഭിച്ച വസ്തുക്കളുടെ കൃത്യമായ കണക്കുകൾ ബോധിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ ശേഖരിച്ച എസ്ഐടി, അന്വേഷണം പൂർത്തിയാകുന്നതുവരെ അയോധ്യ വിട്ടുപോകരുതെന്ന് ട്രസ്റ്റ് ഭാരവാഹികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
ഭക്തരുടെ വികാരങ്ങളെ മാനിച്ചുകൊണ്ട് വിഷയം അതീവ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നതെന്നും, കുറ്റക്കാർ എത്ര ഉന്നതരായാലും കർശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കി. വരും ദിവസങ്ങളിൽ വിശദമായ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനാണ് എസ്ഐടിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
