ഇന്ത്യ സഖ്യത്തിന് കേവല ഭൂരിപക്ഷം ലഭിക്കും; 48 മണിക്കൂറിനുള്ളിൽ പ്രധാനമന്ത്രിയെ തീരുമാനിക്കും: ജയ്‌റാം രമേശ്

jairam

ഇന്ത്യ സഖ്യത്തിന് തെരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷം ലഭിക്കുമെന്ന് കോൺഗ്രസ് നേതാവ് ജയ്‌റാം രമേശ്. 48 മണിക്കൂറിനുള്ളിൽ ഇന്ത്യ സഖ്യം പ്രധാനമന്ത്രിയെ തീരുമാനിക്കും. സഖ്യത്തിൽ ഏറ്റവും കൂടുതൽ സീറ്റുകൾ ലഭിക്കുന്ന പാർട്ടി നേതൃത്വം പ്രധാനമന്ത്രിപദത്തിന് അവകാശവാദം ഉന്നയിക്കുന്നത് യുക്തിസഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വാർത്ത ഏജൻസിയായ പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിൽ 272 എന്ന മാജിക് നമ്പർ കടക്കാൻ ഇന്ത്യ സഖ്യത്തിന് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം എൻ.ഡി.എ സഖ്യത്തിലുള്ള ചില പാർട്ടികളും ഇന്ത്യ സഖ്യത്തിനൊപ്പം ചേരും. പുതിയ പാർട്ടികളുടെ വരവിൽ ഉൾപ്പടെ ഹൈക്കമാൻഡ് നിർണായക തീരുമാനങ്ങളെടുക്കുമെന്നും ജയ്‌റാം രമേശ് പറഞ്ഞു.

അതേസമയം, ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ഏഴാം ഘട്ട പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. യു.പി, പശ്ചിമ ബംഗാൾ, പഞ്ചാബ് അടക്കം ഏഴ് സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശത്തെയും 57 സീറ്റുകളിലേക്കാണ് ജൂൺ ഒന്നിന് വോട്ടെടുപ്പ് നടക്കുക.
 

Share this story