ആൾദൈവത്തെ രക്ഷിക്കാൻ മകളെ ബലിയാടാക്കുന്നു; ടിസിഎസ് നാസിക് കേസിൽ പരാതിയുമായി നിദ ഖാൻ്റെ കുടുംബം
നാസിക് ടി.സി.എസ് ലൈംഗിക പീഡന-നിർബന്ധിത മതപരിവർത്തന കേസിൽ പ്രതിചേർക്കപ്പെട്ട എട്ടു പേരിൽ ഒരാളായ നിദ ഖാന്റെ മാതാപിതാക്കൾ, കേസിന് പിന്നിൽ രാഷ്ട്രീയപ്രേരിതമായ ഗൂഢാലോചന ആരോപിച്ച് രംഗത്ത്. തങ്ങളുടെ മകൾക്കെതിരെ വ്യാജ കേസാണ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് അവർ പറഞ്ഞു.
ടി.സി.എസ് നാസിക് ബി.പി.ഒ യൂണിറ്റിലെ എച്ച്.ആർ വിഭാഗം മേധാവിയായിരുന്ന നിദ ഖാനെതിരെയുള്ള എല്ലാ ആരോപണങ്ങളും അടിസ്ഥാനരഹിതമാണെന്ന് പിതാവ് പറഞ്ഞു. ഒരു വലിയ ഗൂഢാലോചനയുടെ ഭാഗമായാണ് തന്റെ മകളെ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം അവകാശപ്പെട്ടു
ആൾദൈവത്തെ രക്ഷിക്കാനുള്ള നീക്കം
ബലാത്സംഗ കേസിൽ അടുത്തിടെ അറസ്റ്റിലായ നാസിക്കിലെ ആൾദൈവം അശോക് ഖരാട്ടുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഉൾപ്പെടെയുള്ള മറ്റു വിഷയങ്ങൾ മുടിവെക്കാനാണ് ഇത്തരമൊരു കേസ് കെട്ടിച്ചമച്ചതെന്ന് കുടുംബം ആരോപിക്കുന്നു. ഇവർ ആരോപണങ്ങൾ പൂർണ്ണമായും തള്ളി. പരാതിക്കാരിയുമായി നിദ സംസാരിച്ചിട്ട് പോലും ഇല്ലെന്നാണ് കുടുംബം പറയുന്നത്.
നിദ ഖാൻ നിലവിൽ ഭിവണ്ടിയിലെ തന്റെ ഭർതൃവീട്ടിലാണ് താമസിക്കുന്നതെന്ന് കുടുംബം പറഞ്ഞു. നിദ ഗർഭിണിയാണെന്നും ആരോപണങ്ങൾ കാരണം കുടുംബം മുഴുവൻ അസ്വസ്ഥരാണെന്നും അവർ കൂട്ടിച്ചേർത്തു. നിദ ഒരിക്കലും ആരെയും മതം മാറ്റാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും മറ്റു വിശ്വാസങ്ങളിലെ ദൈവങ്ങളെയോ ദേവതകളെയോ കുറിച്ച് ഒരു പ്രസ്താവനയും നടത്തിയിട്ടില്ലെന്നും മാതാപിതാക്കൾ പറഞ്ഞു. എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നവരാണ് തങ്ങളുടെ കുടുംബമെന്നും അവർ കൂട്ടിച്ചേർത്തു.
അതേസമയം, നിദ ഖാന്റെ ഭർത്താവിനെ നാസിക് പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. കഴിഞ്ഞ രണ്ട് മാസമായി അവർ ഭർത്താവിനൊപ്പം മുംബ്രയിലാണ് താമസിച്ചിരുന്നത്. അതിനുമുമ്പ് നാസിക്കിലും ഭിവണ്ടിയിലുമായിരുന്നു താമസം. നിദ ഖാന്റെ പ്രവർത്തനങ്ങളെ കുറിച്ച് തനിക്ക് കൂടുതൽ അറിയില്ലെന്നാണ് ഭർത്താവ് പോലീസിനോട് പറഞ്ഞതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
രാജ്യത്തെ നടുക്കിയ കേസ്
രാജ്യത്താകെ ഏറെ വിവാദങ്ങൾ ഉയർത്തിയ ടിസിഎസ് മതപരിവർത്തന കേസിൽ, 18-നും 25-നും ഇടയിൽ പ്രായമുള്ള വനിതാ ജീവനക്കാരെ ലക്ഷ്യമിട്ട് ഒരു സംഘം പ്രവർത്തിച്ചതായാണ് പരാതി. മതപരമായ പീഡനവും മതപരിവർത്തന ശ്രമവും ആരോപിച്ച് ഒരു പുരുഷ ജീവനക്കാരന്റെ എഫ്‌ഐആർ ഉൾപ്പെടെ ഇതുവരെ ഒമ്പത് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഹിന്ദു ദൈവങ്ങളെ അധിക്ഷേപിക്കുക, നിർബന്ധിച്ച് മാംസാഹാരങ്ങൾ കഴിപ്പിക്കുക, മതപരമായ പീഡനം, നിർബന്ധിത മതാനുഷ്ഠാനങ്ങൾ തുടങ്ങിയവയാണ് പരാതിയിലെ പ്രധാന ആരോപണങ്ങൾ.
ഡാനിഷ് ഷെയ്ഖ്, തൗസിഫ് അത്തർ, റാസ മേമൻ, ഷാരൂഖ് ഖുറേഷി, ഷാഫി ഷെയ്ഖ്, ആസിഫ് അഫ്താബ് അൻസാർ, ഷാരൂഖ് ഷെയ്ഖ് എന്നീ ഏഴ് പുരുഷന്മാരും ഒരു സ്ത്രീയും ഉൾപ്പെടെ ഇതുവരെ എട്ട് പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്. ഒരു വനിതാ ജീവനക്കാരിയെ പരാതി നൽകുന്നതിൽ നിന്ന് വിലക്കിയെന്നാണ് നിദ ഖാനെതിരായ ആരേപണം.
