വിവാഹാഭ്യർഥന നിരസിച്ചു; 16കാരിയെ കത്തി കൊണ്ട് കുത്തി റോഡിലൂടെ വലിച്ചിഴച്ച് 47കാരൻ

raipur

വിവാഹം കഴിക്കാൻ വിസമ്മതിച്ച പതിനാറുകാരിയെ കത്തി കൊണ്ട് ആക്രമിച്ച ശേഷം മുടിക്ക് കുത്തിപ്പിടിച്ച് റോഡിലൂടെ വലിച്ചിഴച്ച് 47കാരൻ. ഛത്തിസ്ഗഢ് തലസ്ഥാനമായ റായ്പൂരിലാണ് സംഭവം. ഗുരുതരമായി പരുക്കേറ്റ പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതി ഓംകാർ തിവാരിയെ പോലീസ് അറസ്റ്റ് ചെയ്തു.

പെൺകുട്ടിയുടെ തലമുടിയിൽ പിടിച്ച് റോഡിലൂടെ വലിച്ചു കൊണ്ടുപോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. മറുകയ്യിൽ ഓംകാർ കത്തി പിടിച്ചിരിക്കുന്നത് കാണാം. വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. 

ഓംകാർ തിവാരിയുടെ പലചരക്ക് കടയിലാണ് പെൺകുട്ടി ജോലി ചെയ്തിരുന്നത്. കഴിഞ്ഞ ദിവസം മദ്യപിച്ചെത്തിയ ഓംകാർ പെൺകുട്ടിയുടെ വീട്ടിലെത്തി ബഹളമുണ്ടാക്കുകയും പെൺകുട്ടിയെ കഴുത്തിൽ കുത്തുകയും തുടർന്ന് മുടിയിൽ പിടിച്ച് വലിച്ചിഴക്കുകയുമായിരുന്നു. ഓംകാറിന്റെ വിവാഹാഭ്യർഥന നിരസിച്ചതാണ് ആക്രമണത്തിന് കാരണമെന്ന് റായ്പൂർ എസ് പി പ്രശാന്ത് അഗർവാൾ പറഞ്ഞു.
 


 

Share this story