എപ്സ്റ്റീനുമായി കേന്ദ്രമന്ത്രി കൂടിക്കാഴ്ച നടത്തിയത് 14 തവണ, സന്ദേശമയച്ചത് 62 തവണ; രാജി ആവശ്യപ്പെട്ട് കോൺഗ്രസ്
ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി 14 തവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്ന് കോൺഗ്രസ്. എപ്സ്റ്റീനുമായി ഇ മെയിൽ വഴി ഹർദീപ് 62 തവണ ബന്ധപ്പെട്ടിട്ടുണ്ടെന്നും ഈ വിഷയത്തിൽ മന്ത്രി ഇതുവരെ പറഞ്ഞത് കള്ളമാണെന്നും കോൺഗ്രസ് ആരോപിച്ചു. മന്ത്രി രാജിവെക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്
അതേസമയം കോൺഗ്രസിന്റെ ആരോപണങ്ങൾ ഹർദീപ് സിംഗ് പുരി തള്ളി. ഏതാനും തവണ കണ്ടിട്ടുണ്ടെങ്കിലും എപ്സ്റ്റീന്റെ കുറ്റകൃത്യങ്ങളുമായി തനിക്ക് ബന്ധമില്ലെന്ന് മന്ത്രി വിശദീകരിച്ചു. ഹർദീപ് പുരിയും എപ്സ്റ്റീനും തമ്മിൽ 2014നും 2017നും ഇടയിലാണ് 62 മെയിലുകൾ കൈമാറിയത്.
പുരി 32 മെയിലും എപ്സ്റ്റീൻ 30 മെയിലും അയച്ചിട്ടുണ്ട്. ഇതിന് പുറമെ 2014 ജൂൺ 5,6,8,9 തീയതികളിലും സെപ്റ്റംബർ 19, 23, 24 തീയതികളിലും ഒക്ടോബർ 9, 10 തീയതികളിലും നേരിട്ട് കണ്ടു. എന്താണ് ഇവർ ചർച്ച ചെയ്തതെന്ന കാര്യം പുറത്തുവിടണമെന്നും കോൺഗ്രസ് ആവശ്യപ്പെടുന്നു
