പാർലമെന്റ് വർഷകാല സമ്മേളനം ജൂലൈ 20 മുതൽ ഓഗസ്റ്റ് 13 വരെ; രാഷ്ട്രപതി അംഗീകാരം നൽകി

പാർലമെൻ്റ്

ന്യൂഡൽഹി: പാർലമെന്റിന്റെ വരാനിരിക്കുന്ന വർഷകാല സമ്മേളനം (Monsoon Session) ജൂലൈ 20 മുതൽ ഓഗസ്റ്റ് 13 വരെ നടക്കും. സമ്മേളനം വിളിച്ചുചേർക്കാനുള്ള കേന്ദ്ര സർക്കാരിന്റെ ശുപാർശയ്ക്ക് രാഷ്ട്രപതി ദ്രൗപദി മുർമു അംഗീകാരം നൽകി. കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജുവാണ് ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചത്.

​ദേശീയ പ്രാധാന്യമുള്ള വിവിധ വിഷയങ്ങളിൽ അർത്ഥവത്തായ ചർച്ചകൾക്കും സംവാദങ്ങൾക്കും തീരുമാനങ്ങൾക്കും ഈ സമ്മേളനം സാക്ഷ്യം വഹിക്കുമെന്ന് മന്ത്രി തന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ വ്യക്തമാക്കി. 25 ദിവസങ്ങളിലായി ആകെ 19 സിറ്റിങ്ങുകളാണ് ഇത്തവണത്തെ വർഷകാല സമ്മേളനത്തിൽ ഉണ്ടാവുക.

​ഭരണഘടന ഭേദഗതി ബില്ലുകൾ ഉൾപ്പെടെയുള്ള സുപ്രധാന നിയമനിർമ്മാണങ്ങൾ ഈ സമ്മേളനത്തിൽ സർക്കാരിന്റെ പരിഗണനയ്ക്ക് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, രാജ്യത്തെ വിവിധ രാഷ്ട്രീയ-സാമൂഹിക വിഷയങ്ങൾ ഉന്നയിച്ച് സർക്കാരിനെ നേരിടാൻ പ്രതിപക്ഷവും ശക്തമായ ഒരുക്കങ്ങൾ നടത്തുന്നുണ്ട്.

Tags

Share this story