അമ്മ കാന്‍റീനുകൾ നവീകരിച്ച് രുചിയുള്ള ഭക്ഷണം നൽകണം; ഉത്തരവിട്ട് മുഖ്യമന്ത്രി വിജയ്

Vijay CM

ചെന്നൈ: തമിഴ്നാട്ടിലെ മുൻ മുഖ്യമന്ത്രി ജയലളിത തുടങ്ങി വച്ച അമ്മ ക്യാന്‍റീനുകൾ നവീകരിക്കാൻ ഉത്തരവിട്ട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. ക്യാന്‍റീനുകൾ പ്രവർത്തിക്കുന്ന കെട്ടിടങ്ങൾ നവീകരിക്കാനും അറ്റകുറ്റപ്പണികൾ നടത്താനും രുചികരമായ ഭക്ഷണം വിളമ്പുന്നുണ്ടെന്ന് ഉറപ്പു വരുത്താനുമാണ് വിജയ് ഉത്തരവിട്ടിരിക്കുന്നത്. അമ്മ കാന്‍റീനുകളിൽ വിളമ്പുന്ന ഭക്ഷണം മോശമാണെന്ന പരാതി വ്യാപകമായ സാഹചര്യത്തിൽ ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കൊടുവിലാണ് വിജയ് ഇക്കാര്യത്തിൽ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

കാന്‍റീനുകളിലേക്ക് വേണ്ടത്ര പാത്രങ്ങളും മറ്റു സംവിധാനങ്ങളും ഉറപ്പാക്കാനും ഉത്തരവിലുണ്ട്. 2013 ഫെബ്രുവരി 24ന് തന്‍റെ പിറന്നാൾ ദിനത്തിലാണ് അന്ന് മുഖ്യമന്ത്രിയായിരുന്ന ജയലളിത അമ്മ കാന്‍റീനുകൾ തുറന്നത്. തുടക്കത്തിൽ ചെന്നൈയിൽ മാത്രമായിരുന്നുവെങ്കിലും പിന്നീട് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിപ്പിച്ചു.

നിലവിൽ ഗ്രേറ്റർ ചെന്നൈ കോർപ്പറേഷന്‍റെ കീഴിൽ 383 അമ്മ കാന്‍റീനുകളും പഞ്ചായത്തുകളുടെ കീഴിൽ 237 കാന്‍റീനുകളുമാണ് പ്രവർത്തിക്കുന്നത്. ജയലളിത ആരാധകരെ കൂടി ആവേശത്തിലാക്കുന്ന ഉത്തരവാണ് വിജയ് അധികാരത്തിലേറിയതിനു പിന്നാലെ പുറപ്പെടുവിച്ചിരിക്കുന്നത്.

Tags

Share this story