അക്ബർ, സീത എന്ന് സിംഹങ്ങൾക്ക് പേരിട്ട ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു

akbar

പശ്ചിമ ബംഗാളിലെ സിലിഗുരി പാർക്കിലെ സിംഹങ്ങൾക്ക് അക്ബർ, സീത എന്ന് പേരിട്ട ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ പ്രബിൻ ലാൽ അഗർവാളിനെതിരെയാണ് ത്രിപുര സർക്കാർ നടപടിയെടുത്തത്. സിംഹങ്ങളുടെ പേര് മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് വി എച്ച് പി കൊൽക്കത്ത ഹൈക്കോടതിയെ സമീപിച്ചിരുന്നു

ഇതിന് പിന്നാലെയാണ് സിംഹങ്ങൾക്ക് പേരിട്ട ഉദ്യോഗസ്ഥനെതിരെ ത്രിപുര സർക്കാർ നടപടിയെടുത്തത്. ത്രിപുരയുടെ ചീഫ് വൈൽഡ് ലൈഫ് വാർഡനായി സേവനമനുഷ്ഠിക്കുകയായിരുന്നു അഗർവാൾ

അക്ബർ എന്ന് പേരിട്ട സിംഹത്തെ സീത എന്ന് പേരിട്ട സിംഹത്തിനൊപ്പം പാർപ്പിച്ചത് തങ്ങളുടെ മതവികാരത്തെ വ്രണപ്പെടുത്തിയെന്നാണ് വി എച്ച് പിയുടെ വാദം. എന്നാൽ സിംഹങ്ങൾക്ക് പേരുകൾ നൽകിയത് ത്രിപുരയാണെന്ന് ബംഗാൾ സർക്കാർ കോടതിയെ അറിയിച്ചു. ഇതിന്റെ രേഖകളും കോടതിയിൽ ഹാജരാക്കിയിരുന്നു. ഇതോടെയാണ് ത്രിപുര സർക്കാരിന്റെ നടപടി.
 

Share this story