അണ്ണാ അറിവായലത്തിൽ പന്തലുകൾ പൊളിച്ചുതുടങ്ങി; ഡിഎംകെയെ ഞെട്ടിച്ച് വിജയ്

Tamil Nadu

തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഭരണകക്ഷിയായ ഡിഎംകെ ക്യാമ്പിനെ നിശബ്ദമാക്കി നടൻ വിജയ്‍യുടെ തമിഴക വെട്രി കഴകത്തിൻ്റെ (TVK) വൻ മുന്നേറ്റം. ആദ്യ ഫലസൂചനകളിൽ ഡിഎംകെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതോടെ ചെന്നൈയിലെ പാർട്ടി ആസ്ഥാനമായ അണ്ണാ അറിവായലത്തിൽ ഒരുക്കിയിരുന്ന പന്തലുകളും കസേരകളും പ്രവർത്തകർ നീക്കം ചെയ്തുതുടങ്ങി. വലിയ വിജയം പ്രതീക്ഷിച്ചിരുന്ന ഡിഎംകെ കേന്ദ്രങ്ങളിൽ നിലവിൽ കടുത്ത നിരാശയാണ് പ്രകടമാകുന്നത്.

തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ 11.45 വരെയുള്ള കണക്കുകൾ പ്രകാരം എഐഎഡിഎംകെ 72 മണ്ഡലങ്ങളിൽ ലീഡ് ചെയ്യുമ്പോൾ വിജയിയുടെ ടിവികെ 110 സീറ്റുകളുമായി മുന്നിലുണ്ട്. എന്നാൽ ഡിഎംകെ വെറും 52 സീറ്റുകളിൽ മാത്രമാണ് നിലവിൽ മുന്നിട്ടുനിൽക്കുന്നത്.

പ്രധാന ലീഡ് നിലകൾ ഇങ്ങനെ

എഐഎഡിഎംകെ ലീഡ് ചെയ്യുന്ന മണ്ഡലങ്ങൾ: വേപ്പനഹള്ളി, ഹരൂർ, ചെയ്യൂർ, ധാരാപുരം, പെരുന്തുറൈ, കുന്നൂർ, കൗണ്ടംപാളയം, പൊള്ളാച്ചി, മണപ്പാറൈ, അരിയലൂർ, പൺരുട്ടി, കടലൂർ, തെങ്കാശി, ആലംഗുളം.

ടിവികെ മുന്നേറ്റം നടത്തുന്ന മണ്ഡലങ്ങൾ: കന്നി അങ്കത്തിനിറങ്ങിയ വിജയ്‍യുടെ പാർട്ടി മാധവരം, തിരുവൊറ്റിയൂർ, എഗ്മൂർ, കെ.വി കുപ്പം, മൊടക്കുറിിച്ചി, കാങ്ങേയം, കിണത്തുക്കടവ്, തിരുച്ചിറപ്പള്ളി (വെസ്റ്റ്, ഈസ്റ്റ്), തഞ്ചാവൂർ, തൂത്തുക്കുടി, ശ്രീവൈകുണ്ഠം, രാധാപുരം എന്നിവിടങ്ങളിൽ കരുത്ത് തെളിയിക്കുന്നു.

ഡിഎംകെ മുന്നിൽ നിൽക്കുന്ന ഇടങ്ങൾ: വെല്ലൂർ, മണ്ണച്ചനല്ലൂർ, പെരമ്പലൂർ, കുന്നം, തിരുവാരൂർ, മധുര ഈസ്റ്റ്, തിരുച്ചെന്തൂർ, വാസുദേവനല്ലൂർ. കോൺഗ്രസ് രണ്ട് സീറ്റുകളിലും പിഎംകെ ഒരിടത്തും ലീഡ് ചെയ്യുന്നു.

രാഷ്ട്രീയ സമവാക്യങ്ങൾ മാറുന്നു

തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകളായി നിലനിന്നിരുന്ന ഡിഎംകെ - എഐഎഡിഎംകെ ദ്വിമുഖ പോരാട്ടത്തിന് അന്ത്യം കുറിക്കുന്ന സൂചനകളാണ് പുറത്തുവരുന്നത്. പലയിടങ്ങളിലും എഐഎഡിഎംകെയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളാനും ഡിഎംകെയുടെ വോട്ട് ബാങ്കിൽ വിള്ളലുണ്ടാക്കാനും ടിവികെയ്ക്ക് സാധിച്ചു. വിജയിയുടെ ഈ കുതിപ്പ് തുടരുകയാണെങ്കിൽ തമിഴ്നാട്ടിലെ പ്രധാന പ്രതിപക്ഷ കക്ഷിയായി ടിവികെ മാറാൻ സാധ്യതയുണ്ട്. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ തമിഴ്നാട് രാഷ്ട്രീയം ഒരു വലിയ പുനർക്രമീകരണത്തിന് സാക്ഷ്യം വഹിക്കുമെന്നാണ് പ്രാരംഭ സൂചനകൾ വ്യക്തമാക്കുന്നത്.

Tags

Share this story