പുതിയ പാർലമെന്‍റ് മന്ദിരത്തിൽ 'ചെങ്കോൽ' സ്ഥാപിക്കും

Parlament

ന്യൂഡൽഹി: പുതിയ പാർലമെന്‍റ് മന്ദിരത്തിൽ അധികാരമുദ്രയായി 'ചെങ്കോൽ' സ്ഥാപിക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. തമിഴ് പാരമ്പര്യപ്രകാരം ചെങ്കോൽ അധികാരം കൈമാറുന്നതിനായി ഉപയോഗിക്കുന്ന മുദ്രയാണ്. ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിച്ചപ്പോൾ ബ്രിട്ടീഷുകാർ ജവഹർ ലാൽ നെഹ്റുവിന് കൈമാറിയ സ്വർണ ചെങ്കോലായിരിക്കും പാർലമെന്‍റിൽ സ്ഥാപിക്കുക.

ചരിത്ര പ്രാധാന്യമുള്ള ചെങ്കോൽ ഇപ്പോൾ അലാഹാബാദ് മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുകയാണ്. ചെങ്കോൽ അന്നും ഇന്നും പ്രസക്തമാണെന്നും അമിത് ഷാ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശാലമായ കാഴ്ച്ചപ്പാടിന്‍റെ ഉദാഹരണമാണ് പുതിയ പാർലമെന്‍റ് മന്ദിരം. മേയ് 28നാണ് പുതിയ മന്ദിരത്തിന്‍റെ ഉദ്ഘാടനം. ചടങ്ങിനോടനുബന്ധിച്ച് 7000 പേരെ മോദി ആദരിക്കുമെന്നും അമിത്ഷാ പറഞ്ഞു.

ഉദ്ഘാടനത്തിൽ പങ്കെടുക്കാൻ എല്ലാവരെയും ക്ഷണിച്ചിട്ടുണ്ട്. പങ്കെടുക്കണോ വേണ്ടയോ എന്നുള്ളത് ഓരോരുത്തരുടെയും തീരുമാനപ്രകാരമായിരിക്കുമെന്നും പ്രതിപക്ഷ പാർട്ടികൾ ചടങ്ങിൽ നിന്നു വിട്ടു നിൽക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടിയായി അമിത് ഷാ പറഞ്ഞു.

Share this story