സ്കൂൾ വിദ്യാർത്ഥിനികൾക്ക് കുടിവെള്ളത്തിൽ മൂത്രം കലർത്തി നൽകി; നടപടിയെടുക്കാതെ പ്രിൻസിപ്പൽ: സംഭവം മധ്യപ്രദേശിൽ
ഭോപ്പാൽ: മധ്യപ്രദേശിലെ ഗുണ ജില്ലയിലെ സർക്കാർ പ്രൈമറി സ്കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനികളോട് ക്രൂരത. സഹപാഠികളായ രണ്ട് പെൺകുട്ടികളുടെ കുടിവെള്ള ബോട്ടിലിൽ മൂത്രം കലർത്തി കുടിപ്പിച്ചതായി പരാതി. ഗുണ ജില്ലയിലെ ആരോൺ ഡെവലപ്‌മെന്റ് ബ്ലോക്കിലെ സ്കൂളിൽ തിങ്കളാഴ്ചയാണ് സംഭവം നടന്നത്.
സംഭവത്തെക്കുറിച്ച് പെൺകുട്ടികൾ പരാതിയുമായി സമീപിച്ചപ്പോൾ, "വായിൽ മോശം രുചി തോന്നുന്നുണ്ടെങ്കിൽ 10 രൂപയുടെ ചോക്ലേറ്റ് വാങ്ങി തിന്നൂ" എന്ന് പറഞ്ഞ് സ്കൂൾ പ്രിൻസിപ്പൽ വിഷയത്തെ നിസ്സാരവൽക്കരിക്കുകയും അധിക്ഷേപിക്കുകയും ചെയ്തതായി ഗുണ ജില്ലാ മജിസ്ട്രേറ്റ് കിഷോർ കുമാർ കന്യാൽ വ്യക്തമാക്കി.
സംഭവം പുറത്തറിഞ്ഞതോടെ ചൊവ്വാഴ്ച പെൺകുട്ടികളുടെ രക്ഷിതാക്കളും നാട്ടുകാരും സ്കൂളിന് മുന്നിൽ തടിച്ചുകൂടുകയും ശക്തമായ നടപടി ആവശ്യപ്പെട്ട് മുദ്രാവാക്യം വിളികളോടെ സ്കൂൾ പരിസരം പൂട്ടിയിടുകയും ചെയ്തു. തുടര്‍ന്ന് വൻ പോലീസ് സന്നാഹത്തോടെ ഭരണകൂട ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ഥിതിഗതികൾ ശാന്തമാക്കുകയായിരുന്നു.
അഞ്ചാം ക്ലാസിലെ തന്നെ ഒരു വിദ്യാർത്ഥിയാണ് ഈ പ്രവർത്തി ചെയ്തതെന്നും, കൂടുതൽ ആൺകുട്ടികൾക്ക് ഇതിൽ പങ്കുണ്ടോ എന്ന് സംശയിക്കുന്നതായും കളക്ടർ അറിയിച്ചു. സംഭവത്തിൽ സബ് ഡിവിഷണൽ മജിസ്ട്രേറ്റിന്റെയും ബ്ലോക്ക് എഡ്യൂക്കേഷൻ ഓഫീസറുടെയും (BEO) നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണ റിപ്പോർട്ട് രണ്ട് ദിവസത്തിനകം സമർപ്പിക്കാൻ ബി.ഇ.ഒയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. കടുത്ത അനാസ്ഥ കാണിച്ച സ്കൂൾ പ്രിൻസിപ്പലിന് കാരണം കാണിക്കൽ നോട്ടീസ് അയച്ചിട്ടുണ്ട്.
