താര പ്രചാരകരുടെ പ്രസംഗം നിയന്ത്രിക്കണം; നഡ്ഡയോടും ഖാർഗെയോടും തെരഞ്ഞെടുപ്പ് കമ്മീഷൻ

താരപ്രചാരകരുടെ പ്രസംഗം നിയന്ത്രിക്കണമെന്ന് ബിജെപി, കോൺഗ്രസ് പാർട്ടി അധ്യക്ഷൻമാർക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശം. താരപ്രചാരകർ വാക്കുകളിൽ ശ്രദ്ധാലുവാകണമെന്നും പ്രസംഗങ്ങളിൽ മര്യാദ പാലിക്കാൻ നിർദേശം നൽകണമെന്നുമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. 

ഇക്കാര്യം വ്യക്തമാക്കി താരപ്രചാരകർക്ക് രേഖാമൂലം നിർദേശം നൽകണമെന്ന് ബിജെപി പ്രസിഡന്റ് ജെപി നഡ്ഡയോടും കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുന ഖാർഗെയോടും കമ്മീഷൻ ആവശ്യപ്പെട്ടു. നരേന്ദ്രമോദിയുടെയും രാഹുൽ ഗാന്ധിയുടെയും പ്രസംഗ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി

മോദിയുടെയും രാഹുലിന്റെയും പേര് പരാമർശിക്കാതെയാണ് കമ്മീഷൻ നിർദേശം നൽകിയിരിക്കുന്നത്. അധികാരത്തിലിരിക്കുന്ന പാർട്ടി എന്ന നിലയിൽ ബിജെപിക്ക് ഉത്തരവാദിത്തം കൂടുതലുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ നദ്ദക്ക് നൽകിയ നിർദേശത്തിൽ പറയുന്നു.
 

Share this story