സുപ്രീം കോടതി ഇടപെട്ടു; ഇന്ത്യൻ പൗരത്വമുണ്ടായിട്ടും ബംഗ്ലാദേശിലേക്ക് നാടുകടത്തിയ ഗർഭിണിയെയും മകനെയും തിരികെയെത്തിച്ചു

sonali

ഇന്ത്യൻ പൗരത്വം ഉണ്ടായിരുന്നിട്ടും ബംഗ്ലാദേശിലേക്ക് നാടുകടത്തപ്പെട്ട ഗർഭിണിയെയും എട്ട് വയസുള്ള മകനെയും തിരികെ എത്തിച്ചു. സുപ്രീം കോടതി നിർദേശത്തിന് പിന്നാലെയാണ് ഇരുവരെയും ഇന്ത്യയിലേക്ക് തിരികെ എത്തിച്ചത്. ബുധനാഴ്ചയാണ് ഇവരെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാൻ സുപ്രീം കോടതി കേന്ദ്രത്തോട് നിർദേശിച്ചത്

മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിൽ സർക്കാർ നടപടികൾ ദ്രുതഗതിയിൽ പൂർത്തിയാക്കുകയായിരുന്നു. ബംഗാളിലെ മാൾഡയിൽ നിരവധി ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് ഒമ്പത് മാസം ഗർഭിണിയായ സൊനാലി ഖാത്തൂനും മകനും ഇന്ത്യയിൽ തിരികെ പ്രവേശിച്ചത്. ജൂൺ 27നാണ് അനധികൃതമായി രാജ്യത്ത് കടന്ന ബംഗ്ലാദേശ് പൗരൻമാരാണെന്ന് ആരോപിച്ച് ഡൽഹി പോലീസ് സൊനാലിയെയും ഭർത്താവിനെയും മകനെയും അടക്കം ആറ് പേരെ അറസ്റ്റ് ചെയ്തത്. 

പിന്നാലെ ഇവരെ ബംഗ്ലാദേശിലേക്ക് നാടുകടത്തി. എന്നാൽ ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ് മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് സൊനാലിയെ തിരികെ കൊണ്ടുവരാൻ കേന്ദ്രത്തോട് നിർദേശിക്കുകയായിരുന്നു. സൊനാലിയുടെ പിതാവ് ഭോദു ഷെയ്ക്കിന്റെ ഇന്ത്യൻ പൗരത്വം ചോദ്യം ചെയ്യപ്പെടാത്തതിനാൽ, പൗരത്വ നിയമപ്രാകരം സൊനാലിയും കുട്ടികളും ഇന്ത്യൻ പൗരൻമാരായിരിക്കുമെന്നും കോടതി പറഞ്ഞിരുന്നു.
 

Tags

Share this story