​ലക്ഷ്യം 10 ലക്ഷം കോടി രൂപ; സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സർക്കാർ ഭൂമിയും പൊതുമേഖലാ ഓഹരികളും വിറ്റഴിക്കാൻ കേന്ദ്ര നീക്കം

Modi Note

ന്യൂഡൽഹി: പശ്ചിമേഷ്യൻ പ്രതിസന്ധി ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സാഹചര്യങ്ങൾ മൂലമുണ്ടായ ആഭ്യന്തര സാമ്പത്തിക ബാധ്യതകൾ മറികടക്കാൻ കേന്ദ്ര സർക്കാർ പുതിയ നീക്കങ്ങളിലേക്ക്. ഇതിന്റെ ഭാഗമായി സർക്കാർ ഭൂമിയും പൊതുമേഖലാ സ്ഥാപനങ്ങളുടെ (PSU) ഓഹരികളും ഉൾപ്പെടെയുള്ള വിലപ്പെട്ട ആസ്തികൾ വിറ്റഴിക്കാൻ കേന്ദ്ര സർക്കാർ നടപടികൾ ഊർജിതമാക്കുന്നു. വൻതോതിലുള്ള ഈ ആസ്തി വിറ്റഴിക്കലിലൂടെ 10 ലക്ഷം കോടി രൂപ സമാഹരിക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്.

​രാജ്യം നേരിടുന്ന സാമ്പത്തിക സമ്മർദ്ദങ്ങൾക്ക് പരിഹാരം കാണാനും അടിസ്ഥാന സൗകര്യ വികസനത്തിന് ആവശ്യമായ പണം കണ്ടെത്താനും ലക്ഷ്യമിട്ടാണ് ഈ അടിയന്തര നീക്കം. കേന്ദ്ര സർക്കാരിന്റെ വിവിധ മന്ത്രാലയങ്ങളുടെ കീഴിൽ ഉപയോഗിക്കാതെ കിടക്കുന്ന ഭൂമിയും, ലാഭകരമല്ലാത്തതും എന്നാൽ മൂല്യമുള്ളതുമായ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികളുമാണ് വിപണിയിൽ വിറ്റഴിക്കാൻ സാധ്യതയുള്ള ആസ്തികളുടെ പട്ടികയിലുള്ളത്.

​ധനസമാഹരണം വേഗത്തിലാക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കേന്ദ്രം പ്രത്യേക നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്നാണ് സൂചന. വരും മാസങ്ങളിൽ ഇതിനായുള്ള ലേല നടപടികളും ഓഹരി വിപണി വഴിയുള്ള വിറ്റഴിക്കലുകളും ഊർജിതമാകും.

Tags

Share this story