33 ഡിഗ്രി ചൂടിൽ ഹൂഡി ധരിച്ചെത്തിയ ആ 'അജ്ഞാതൻ'; ട്രെക്കിങ്ങിനിടെയുള്ള വീഴ്ച കൊലപാതകമെന്ന് തെളിയിച്ച സിസിടിവി ദൃശ്യം
പൂനെ: മഹാരാഷ്ട്രയിലെ ലോഹഗഡ് കോട്ടയിൽ ട്രെക്കിങ്ങിനിടെ മലയിടുക്കിലേക്ക് വീണ് യുവാവ് മരിച്ച സംഭവം ആസൂത്രിതമായ കൊലപാതകമെന്ന് പോലീസ്. പ്രമുഖ റിയൽ എസ്റ്റേറ്റ് വ്യവസായിയായ കേതൻ അഗർവാളിന്റെ (26) മരണമാണ് കാമുകനൊപ്പം ജീവിക്കാൻ പ്രതിശ്രുത വധു സിയ ഗോയലും കാമുകൻ ചേതൻ ചൗധരിയും ചേർന്ന് നടത്തിയ കൊലപാതകമാണെന്ന് പൂനെ റൂറൽ പോലീസ് കണ്ടെത്തിയത്. കേസിൽ സിയയെയും ചേതനെയും പോലീസ് അറസ്റ്റ് ചെയ്തു.
അപകടമരണമെന്ന് കരുതിയ കേസിൽ 33 ഡിഗ്രി സെൽഷ്യസ് ചൂടുള്ള ദിവസത്തിൽ കാമുകൻ ധരിച്ച വസ്ത്രമാണ് പോലീസിന് നിർണായക സൂചനയായത്.
പോലീസിന് സംശയമുണർത്തിയ 'ഹൂഡി'
ജൂൺ 18-നായിരുന്നു കേതൻ അഗർവാൾ കോട്ടയിൽ വെച്ച് 400 അടി താഴ്ചയുള്ള മലയിടുക്കിലേക്ക് വീണ് മരിക്കുന്നത്. ഫോട്ടോയെടുക്കുന്നതിനിടെ കേതൻ കാൽവഴുതി വീണതാണെന്നായിരുന്നു സിയ പോലീസിനോടും വീട്ടുകാരോടും പറഞ്ഞിരുന്നത്. എന്നാൽ കേതന്റെ കുടുംബം സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന് പോലീസ് കോട്ടയിലെ ടിക്കറ്റ് കൗണ്ടറിന് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു.
ദൃശ്യങ്ങളിൽ കേതനും സിയക്കും തൊട്ടുപിന്നാലെ മുഖം മറയുന്ന രീതിയിൽ ഹൂഡിയും (Hoodie) ഹെഡ്‌സെറ്റും ധരിച്ച ഒരാൾ നടന്നുപോകുന്നത് പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടു. അന്നേദിവസം കടുത്ത ചൂടായിരുന്നിട്ടും (33 ഡിഗ്രി സെൽഷ്യസ്) ഇയാൾ എന്തിനാണ് ശരീരം മുഴുവൻ മൂടുന്ന ഹൂഡി ധരിച്ചതെന്ന പോലീസിന്റെ ചോദ്യമാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. സിയ പെട്ടെന്ന് പിന്നോട്ട് തിരിഞ്ഞുനോക്കുമ്പോൾ ഈ ഹൂഡി ധരിച്ചയാൾ പെട്ടെന്ന് നിലത്തിരിക്കുന്ന ദൃശ്യങ്ങളും പോലീസിന് ലഭിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇത് സിയയുടെ കാമുകൻ ചേതൻ ചൗധരിയാണെന്ന് തിരിച്ചറിഞ്ഞത്.
ആസൂത്രിതമായ കൊലപാതകം
ഇരുവരും തമ്മിൽ മാസങ്ങളായി പ്രണയത്തിലായിരുന്നു. വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി ഫെബ്രുവരിയിലായിരുന്നു കേതനുമായി സിയയുടെ വിവാഹനിശ്ചയം കഴിഞ്ഞത്. എന്നാൽ വീട്ടുകാരുടെ മാനം കെടുത്താതിരിക്കാൻ വിവാഹം വേണ്ടെന്നുവെക്കാനോ ഒളിച്ചോടാനോ സിയ തയ്യാറായില്ല. പകരം കേതനെ ഇല്ലാതാക്കാൻ ഇരുവരും ചേർന്ന് പദ്ധതിയിടുകയായിരുന്നു.
കൊലപാതകം ആസൂത്രണം ചെയ്യാൻ ചേതൻ തന്റെ മൊബൈൽ ഫോൺ കടയിൽ തന്നെ വെക്കുകയും ലൊക്കേഷൻ ട്രാക്ക് ചെയ്യാതിരിക്കാൻ ജീവനക്കാരന്റെ ഫോൺ ഉപയോഗിക്കുകയും ചെയ്തിരുന്നു. സിയ കേതനെ മലയിടുക്കിന്റെ അരികിലേക്ക് കൂട്ടിക്കൊണ്ടുപോയ സമയം പിന്നാലെയെത്തിയ ചേതനും സിയയും ചേർന്ന് കേതനെ താഴേക്ക് തള്ളിയിടുകയായിരുന്നു. ഇതിനു മുൻപും ഇതേ കോട്ടയിൽ വെച്ച് കേതനെ തള്ളിയിട്ട് കൊല്ലാൻ ശ്രമിച്ചിരുന്നതായും അന്ന് കേതൻ ഒരു ചെടിയിൽ പിടിച്ച് രക്ഷപ്പെടുകയായിരുന്നുവെന്നും പോലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. അന്ന് പാമ്പിനെ കണ്ട് പേടിച്ച് തള്ളിപ്പോയതാണെന്ന് പറഞ്ഞ് സിയ കേതനെ വിശ്വസിപ്പിക്കുകയായിരുന്നു.
