വിമാനത്തിൽ പവർ ബാങ്ക് ഉപയോഗം നിരോധിച്ചു

Flight

ന്യൂഡൽഹി: വിമാനങ്ങളിൽ പവർ ബാങ്ക് ഉപയോഗം നിരോധിച്ച് ഡയറക്റ്ററേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA). വിമാനയാത്രയ്ക്കിടെ പവർ ബാങ്കുകൾ ഉപയോഗിച്ച് മൊബൈൽ ഫോണുകളോ മറ്റ് ഇലക്‌ട്രോണിക് ഉപകരണങ്ങളോ ചർജ് ചെയ്യുന്നതും വിമാനത്തിനുള്ളിലെ ഇൻ - സീറ്റ് പവർ സപ്ലൈ സംവിധാനം ഉപയോഗിച്ച് പവർ ബാങ്കുകൾ ചർജ് ചെയ്യുന്നതും ഇനിമുതൽ അനുവദിക്കില്ല.

വിമാനയാത്രക്കിടെ ലിഥിയം ബാറ്ററികൾക്ക് തീപിടിക്കാനുള്ള സാധ്യതയും സുരക്ഷാ ഭീഷണികളും കണക്കിലെടുത്താണ് ഈ നിർണായക തീരുമാനമെന്ന് ഡിജിസിഎ വ്യക്തമാക്കി. പവർ ബാങ്കുകളും ബാറ്ററികളും യാത്രക്കാരുടെ കൈവശമുള്ള ബാഗുകളിൽ സൂക്ഷിക്കാം. വിമാനങ്ങളിലെ ഓവർഹെഡ് ബിന്നുകളിലോ ചെക്ക്-ഇൻ ബാഗുകളിലോ വയ്ക്കുന്നത് ഒഴിവാക്കണമെന്നും നിർദേമുണ്ട്.

ലിഥിയം ബാറ്ററികളിൽ തീപിടിച്ചാൽ അണയ്ക്കുക പ്രയാസമാണ്. കോർഗോ ഹോൾഡിൽ‌ തീപിടിത്തമുണ്ടായാൽ അത് തിരിച്ചറിയാൻ വൈകുന്നത് ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുന്നതിനാലാണ് ഹാൻഡ് ബാഗുകൾ കാർഗോ ഹോൾഡിലേക്ക് മാറ്റുന്നത് ഒഴിവാക്കുന്നത്.

ലിഥിയം ബാറ്ററികളുമായി ബന്ധപ്പെട്ട എല്ലാ അപകടങ്ങളും വിമാന കമ്പനികൾ ഉടൻ ഡിജിസിഎയെ അറിയിക്കണം. വിമാനത്തിനുള്ളിലെ പുതിയ നിയമങ്ങളെക്കുറിച്ച് അനൗൺസ്മെന്‍റുകൾ നടത്താനും വിമാനകമ്പനികൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

Tags

Share this story