ഭാര്യ രാത്രിയിൽ 'നാഗിനി'യായി മാറുന്നു; ഭയം കാരണം ഉറക്കമില്ല: മജിസ്ട്രേറ്റിന്‍റെ സഹായം തേടി യുവാവ്

സിതാപുർ (ഉത്തർ പ്രദേശ്): അസാധാരണമായൊരു പരാതിയുമായി സിതാപൂർ ജില്ലാ മജിസ്ട്രേറ്റിനെ സമീപിച്ചിരിക്കുകയാണ് ഒരു യുവാവ്— രാത്രിയിൽ തന്‍റെ ഭാര്യ 'നാഗിനി' ആയി മാറുന്നതിനാൽ ഭയം കാരണം ഉറങ്ങാൻ കഴിയുന്നില്ലെന്നാണ് ഇയാളുടെ പരാതി.
മഹ്മൂദാബാദ് തഹ്‍സിലിലെ ലോഥാസ ഗ്രാമത്തിൽ നിന്നുള്ള മെരാജ് എന്നയാളാണ് ജില്ലാ ഭരണകൂടം സംഘടിപ്പിച്ച പൊതുജന പരാതി പരിഹാര ദിനത്തിൽ ജില്ലാ മജിസ്‌ട്രേറ്റ് അഭിഷേക് ആനന്ദിനു മുന്നിൽ തന്‍റെ 'ദുരിതം' വിവരിച്ചത്.
ഭാര്യ നസീമുൻ മാനസികമായി അസ്വസ്ഥയാണെന്നും രാത്രി മുഴുവൻ നാഗിനിയായി അഭിനയിച്ച് ചീറ്റുകയും തന്നെ പേടിപ്പെടുത്തുകയും ചെയ്യുകയാണെന്നും മെരാജ് ആരോപിച്ചു. പലതവണ അപേക്ഷിച്ചിട്ടും ലോക്കൽ പോലീസ് ഈ വിഷയത്തിൽ ഇടപെടാൻ തയാറായില്ലെന്നും, അതുകൊണ്ടാണ് സഹായത്തിനായി ജില്ലാ ഭരണകൂടത്തെ സമീപിക്കേണ്ടി വന്നതെന്നും ഇയാൾ പറയുന്നു.
അസാധാരണമായ പരാതി കേട്ട് പരാതി പരിഹാര പരിപാടിയിൽ പങ്കെടുത്ത ഉദ്യോഗസ്ഥർ അമ്പരന്നുപോയെങ്കിലും, ജില്ലാ മജിസ്‌ട്രേറ്റ് വിഷയത്തിൽ അന്വേഷണം നടത്തി ഉചിതമായ നടപടിയെടുക്കാൻ പൊലീസിനു നിർദേശം നൽകിയിട്ടുണ്ട്.
"പരാതി ലഭിച്ചിട്ടുണ്ട്, വിഷയം അന്വേഷണത്തിലാണ്," ഒരു പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.