തേനി ജയിൽ ചാട്ടം: രക്ഷപ്പെട്ട 17 തടവൂരിൽ 13 പേരെയും പിടികൂടി; തിരച്ചിൽ ഊർജിതം

തേനി

ചെന്നൈ: തമിഴ്നാട്ടില്‍ തേനിയിലെ ആണ്ടിപെട്ടിയിലുള്ള ജയിലില്‍ നിന്ന് രക്ഷപ്പെട്ട 17 തടവുകാരില്‍ 13 പേരെയും പോലീസ് പിടികൂടി. രക്ഷപ്പെടാനായി ഇവര്‍ ഉപയോഗിച്ച ഓട്ടോറിക്ഷയില്‍ തന്നെയാണ് ഇതിലൊരാളെ തിരികെ ജയിലിലെത്തിച്ചത്. സംഭവത്തില്‍ ഒമ്പത് ജയില്‍ ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തതായി അന്വേഷണ ഉദ്യോഗസ്ഥന്‍ അറിയിച്ചു. കൃത്യവിലോപം കാണിച്ചതിനാണ് നടപടി.

ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് (പ്രിസണ്‍സ് ആന്‍ഡ് കറക്ഷണല്‍ സര്‍വീസസ്) ഡോ. സന്ദീപ് റായ് റാത്തോഡ്, ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പ്രിസണ്‍സ് ആന്‍ഡ് കറക്ഷണല്‍ സര്‍വീസസ് ആര്‍ കനകരാജ്, മധുര ഡി ഐ ജി (പ്രിസണ്‍സ്) എ മുരുകേശന്‍, സൗത്ത് സോണ്‍ ഐ ജി പി. എസ് വിജയേന്ദ്ര ബിദാരി സംഭവസ്ഥലം സന്ദര്‍ശിച്ചു. ഇവര്‍ ജയിലധികൃതരുമായി സംസാരിക്കുകയും ജയില്‍ പരിസരത്തെ സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തു.

ജയിലില്‍ നിന്ന് രക്ഷപ്പെട്ട 17 പേരില്‍ നാലുപേരെ നേരത്തെ തിരച്ചിലിനിടെ പിടികൂടിയതായി ഐ ജി പി. ബിദാരി നേരത്തെ സ്ഥിരീകരിച്ചിരുന്നു. ജയിലില്‍ നിന്ന് രക്ഷപ്പെട്ട ശേഷം ഓട്ടോറിക്ഷയില്‍ കയറിയപ്പോഴാണ് അഞ്ചാമത്തെ തടവുകാരനെ പോലീസ് പിടികൂടിയത്. ജയില്‍ ചാടിയ പ്രതിയാണെന്ന് അറിയാതെ ഓട്ടോ ഡ്രൈവര്‍ ഇയാളെ കനവിളക്കില്‍ എത്തിക്കാമെന്ന് സമ്മതിക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. ഇരുചക്രവാഹനത്തില്‍ വരികയായിരുന്ന ഒരു ഹെഡ് കോണ്‍സ്റ്റബിള്‍ ഓട്ടോ തടഞ്ഞുനിര്‍ത്തുകയും, രക്ഷപ്പെട്ട തടവുകാരനെ തിരിച്ചറിയുകയുമായിരുന്നു. തുടര്‍ന്ന് ഇയാളെ നേരെ ജയിലിലേക്ക് കൊണ്ടുപോകാന്‍ അദ്ദേഹം ഡ്രൈവറോട് നിര്‍ദേശിച്ചു.

രക്ഷപ്പെട്ട തടവുകാരെ കണ്ടെത്തുന്നതിനായി പോലീസ് 17 പ്രത്യേക സംഘങ്ങളെ രൂപവത്കരിച്ചിരുന്നു. കുറ്റവാളികളെ പിടികൂടുന്നതിനായി തമിഴ്നാട് പോലീസും കേരള പോലീസും സംയുക്തമായി പ്രവര്‍ത്തിക്കുകയും, ഇടുക്കി, മധുര, ദിണ്ഡിഗല്‍ ജില്ലകളോട് ചേര്‍ന്ന അതിര്‍ത്തി പ്രദേശങ്ങളില്‍ താത്ക്കാലിക ചെക്ക് പോസ്റ്റുകള്‍ സ്ഥാപിക്കുകയും ചെയ്തു.

എന്‍ സോലൈ മുഗിലേശ്വരന്‍, കെ മീനാക്ഷി സുന്ദരം, എം കറുപ്പുസാമി, പി ശബരീനാഥന്‍, പി പൊന്‍മുത്തുസെല്‍വം, ജി നിഷാന്ത്, എം മുത്തുഎലങ്കോവന്‍, ആര്‍ റെജിന്‍, സി തരുണ്‍കുമാര്‍, കെ തിരുപ്പതി, എസ് പാണ്ടിസെല്‍വം, എന്‍ കാര്‍ത്തിക് രാജ, ടി പ്രവീണ്‍കുമാര്‍, എസ് സിലംബരശന്‍, എ രാജ സിക്കന്തര്‍, കെ രാജ്കുമാര്‍, ജെ ലിംഗപ്രസാദ് എന്നിവരാണ് ജയില്‍ ചാടിയ പ്രതികള്‍.

ഇവരില്‍ ഒരു തടവുകാരനെ കണ്ടെത്താന്‍ ഡ്രോണുകള്‍ സഹായകമായി. ഇയാള്‍ തേനി ജയിലിന് പിന്നിലുള്ള വനപ്രദേശത്ത് ഒളിച്ചിരിക്കുകയായിരുന്നു. ഇന്ന് കുറ്റവാളികളെ പിടികൂടാനുള്ള പോലീസ് നടപടികള്‍ ശക്തമാക്കുകയും, വീണ്ടും ഡ്രോണുകള്‍ ഉപയോഗിക്കുകയും ചെയ്തതോടെയാണ് എട്ടുപേരെ കൂടി പിടികൂടാനായത്. ഇതോടെ പിടിയിലായവരുടെ എണ്ണം 13 ആയി. ബാക്കിയുള്ളവരെ കണ്ടെത്താനുള്ള തിരച്ചില്‍ തുടരുകയാണ്.

2019 ജനുവരി 10 മുതലാണ് ഈ ജയില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയത്. 200 തടവുകാരെ ഉള്‍ക്കൊള്ളാനുള്ള ശേഷി ആണ്ടിപ്പെട്ടിയിലെ ജയിലിനുണ്ട്. ഒക്ടോബര്‍ 26-ന് ആകെ 334 തടവുകാര്‍ ജയിലില്‍ ഉണ്ടായിരുന്നുവെന്ന് ജയില്‍ വകുപ്പ് അറിയിച്ചു.

Tags

Share this story