തേനി ജയിൽചാട്ടം; തമിഴ്നാട്ടിൽ ജയിൽ വകുപ്പ് ഉദ്യോഗസ്ഥർക്ക് തോക്ക് ഉപയോഗിക്കാൻ അനുമതി

തേനി

ചെന്നൈ: തേനിയിൽ തടവുകാർ കൂട്ടത്തോടെ ജയിൽ ചാടിയ സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ സുരക്ഷാ നടപടികളുമായി തമിഴ്നാട് സർക്കാർ. ഇതിന്‍റെ ഭാഗമായി തടവുകാർ ജയിൽ ചാടുന്നത് പ്രതിരോധിക്കാൻ തോക്ക് ഉപയോഗിക്കാൻ ജയിൽ വകുപ്പ് ഉദ്യോഗസ്ഥർക്ക് അനുമതി നൽകി. ഇതുസംബന്ധിച്ച് ജയിൽ ഡിജിപി സന്ദീപ് റായ് റാത്തോഡ് ഉത്തരവിറക്കി.

തിങ്കളാഴ്ചയാണ് തേനി ആണ്ടിപ്പട്ടിക്ക് സമീപത്തെ തെക്കംപട്ടി സബ് ജയിലിൽ നിന്ന് 17 തടവുകാർ കൂട്ടത്തോടെ രക്ഷപ്പെട്ടത്. സംഭവം സംസ്ഥാന വ്യാപകമായി ശ്രദ്ധിക്കപ്പെട്ടിരുന്നു. ഉടൻ അവസരത്തിനൊത്തുയർന്ന തമിഴ്നാട് പൊലീസ് കേരള അതിർത്തിയിൽ അടക്കം വ്യാപകമായി തെരച്ചിൽ നടത്തുകയും 13 പേരെ പിടികൂടുകയും ചെയ്തു.

പി. പൊൻമുത്തുസെൽവം, കെ. തിരുപ്പതി, ആർ. റെജിൻ, കെ. മീനാക്ഷി സുന്ദരം എന്നീ നാല് പേരെയാണ് ഇനി പിടികൂടാനുള്ളത്. വൈകാതെ ഇവർ പിടിയിലാകുമെന്നാണ് പൊലീസ് നൽകുന്ന സൂചന. കൊലപാതകം, മയക്കുമരുന്ന് വിൽപന തുടങ്ങി വിവിധ ക്രിമിനൽ കേസുകളിലെ പ്രതികളാണ് ജയിൽ ചാടിയവർ.

സംഭവം തമിഴ്നാട്ടിൽ രാഷ്ട്രീയ വിമർശനത്തിന് വഴിയൊരുക്കുകയും ചെയ്തിരുന്നു. പ്രതിപക്ഷമായ ഡിഎംകെ, എഐഎഡിഎംകെ എന്നിവർ ഭരണകക്ഷിയായ ടിവികെയ്ക്ക് എതിരേ രംഗത്തുവരികയും രൂക്ഷവിമർശനം ഉന്നയിക്കുകയും ചെയ്തു.

Tags

Share this story