സർക്കാർ രൂപീകരണത്തിന് വെല്ലുവിളിയില്ല; മന്ത്രിസഭ രൂപീകരണ ചർച്ചകളിലേക്ക് കടന്ന് ബിജെപി

nda

സർക്കാർ രൂപീകരണത്തിന് ഘടകകക്ഷികളുടെ പിന്തുണ ലഭിച്ചതോടെ മന്ത്രിസഭാ രൂപീകരണ ചർച്ചകളിലേക്ക് കടന്ന് ബിജെപി നേതൃത്വം. ബിജെപിയിൽ നിന്ന് ആരൊക്കെയാകും മന്ത്രിയാകുക, ഘടകകക്ഷികൾക്ക് കൊടുക്കേണ്ട മന്ത്രിസ്ഥാനങ്ങൾ എന്നീ കാര്യങ്ങളിലാണ് ചർച്ച. ഘടക കക്ഷികളുമായി ഇന്ന് തന്നെ ചർച്ച പൂർത്തിയാക്കാനുള്ള നീക്കത്തിലാണ് ബിജെപി

വില പേശാൻ സാധ്യതയുള്ള ടിഡിപിയെയും ജെഡിയുവിനെയും അനുനയിപ്പിക്കുകയാണ് പ്രധാന വെല്ലുവിളി. ബിജെപിക്ക് തനിച്ച് കേവലഭൂരിപക്ഷം ഇല്ലാത്ത സാഹചര്യത്തിൽ കൂടുതൽ പദവികൾ ആവശ്യപ്പെട്ട് ജെഡിയുവും ടിഡിപിയും രംഗത്തുവന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ മന്ത്രാലയങ്ങളുടെ എണ്ണം കുറയ്ക്കാനിടയില്ല

ആന്ധ്രാപ്രദേശിന് പ്രത്യേക പദവിയും ലോക്‌സഭാ സ്പീക്കർ സ്ഥാനം, കേന്ദ്ര മന്ത്രി, സഹമന്ത്രി എന്നിവ ഉൾപ്പെടെ ആറ് സ്ഥാനങ്ങളും ടിഡിപി ആവശ്യപ്പെട്ടെന്നാണ് വിവരം. കൃഷി, വിദ്യാഭ്യാസം ആരോഗ്യം, ഗതാഗതം തുടങ്ങിയ വകുപ്പുകളിൽ ടിഡിപിക്ക് നോട്ടമുണ്ട്. സ്പീക്കർ സ്ഥാനത്തിന് ജെഡിയുവിനും ആഗ്രഹമുണ്ട്. സഹമന്ത്രി ഉൾപ്പെടെ അഞ്ച് മന്ത്രിസ്ഥാനങ്ങൾ വരെ ആവശ്യപ്പെടും.

ബിജെപിയിൽ നിന്ന് അമിത് ഷാ, നിർമല സീതാരാമൻ വീണ്ടും മന്ത്രിസ്ഥാനത്തേക്ക് എത്തിയേക്കും. ആർഎസ്എസിന് താത്പര്യമുള്ള നിതിൻ ഗഡ്ഗരിക്ക് സുപ്രധാന വകുപ്പ് തന്നെ ലഭിക്കും. ശിവരാജ് സിംഗ് ചൗഹാൻ, മനോഹർലാൽ ഘട്ടർ എന്നിവർക്കും പ്രധാന വകുപ്പുകൾ ലഭിക്കും. കേരളത്തിൽ ആദ്യമായി താമര വിരിയിച്ച സുരേഷ് ഗോപിക്കും മന്ത്രിസഭയിൽ ഇടമുണ്ടാകും.
 

Share this story