വിദ്യാലയങ്ങളിൽ രാഷ്ട്രീയത്തിന് സ്ഥാനമില്ല; കർശന നടപടിയുമായി മന്ത്രി രാജ്‌മോഹൻ

രാജ് മോഹൻ

ചെന്നൈ: വിദ്യാലയങ്ങൾ അറിവുനേടാനുള്ള ഇടങ്ങളാണെന്നും അവിടെ രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് സ്ഥാനമില്ലെന്നും തമിഴ്‌നാട് സ്കൂൾ വിദ്യാഭ്യാസ മന്ത്രി രാജ്‌മോഹൻ. സ്കൂൾ ക്യാമ്പസുകളിൽ രാഷ്ട്രീയ പാർട്ടി പ്രവർത്തകർക്കോ സ്വകാര്യ സംഘടനകൾക്കോ വിദ്യാർത്ഥികളുമായി നേരിട്ട് ഇടപഴകാൻ അനുമതി നൽകില്ലെന്ന് മന്ത്രി വ്യക്തമാക്കി.

​അടുത്തിടെ ഒരു സർക്കാർ സ്കൂളിൽ രാഷ്ട്രീയ പരിപാടിയുടെ തത്സമയ സംപ്രേഷണം വിദ്യാർത്ഥികളെ കാണിച്ചതുമായി ബന്ധപ്പെട്ട് പ്രധാനാധ്യാപകനെ സസ്‌പെൻഡ് ചെയ്ത പശ്ചാത്തലത്തിലാണ് മന്ത്രിയുടെ ഈ കർശന പ്രതികരണം.

​ഇതുസംബന്ധിച്ച് സ്കൂൾ വിദ്യാഭ്യാസ വകുപ്പ് എല്ലാ ചീഫ് എഡ്യൂക്കേഷൻ ഓഫീസർമാർക്കും സ്കൂൾ മേധാവികൾക്കും കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ഔദ്യോഗിക സർക്കാർ പരിപാടികൾ ഒഴികെയുള്ള രാഷ്ട്രീയക്കാരുടെ ജന്മദിനാഘോഷങ്ങളോ മറ്റ് പാർട്ടി പരിപാടികളോ ക്ലാസ് മുറികളിലോ സ്കൂൾ പരിസരത്തോ നടത്താൻ പാടില്ല. സ്കൂളുകളുടെ നിഷ്പക്ഷതയും സമാധാനപരമായ അന്തരീക്ഷവും സംരക്ഷിക്കേണ്ടത് എല്ലാവരുടെയും കൂട്ടായ ഉത്തരവാദിത്തമാണെന്നും നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശനമായ അച്ചടക്ക നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി രാജ്‌മോഹൻ മുന്നറിയിപ്പ് നൽകി. 

Share this story