രഹസ്യമായി വിവാഹം കഴിക്കില്ല; സത്യം ചെയ്ത് കങ്കണ റണാവത്ത്: താലിയണിഞ്ഞ ചിത്രത്തിന് പിന്നിലെ സത്യമിതാണ്

Kankanna

മുംബൈ: കഴുത്തിൽ മംഗല്യസൂത്രവും (താലി) കൈകളിൽ പച്ചവളകളും അണിഞ്ഞ് വിവാഹിതയായ സ്ത്രീയുടെ ലുക്കിലുള്ള ബോളിവുഡ് നടിയും ബി.ജെ.പി എം.പിയുമായ കങ്കണ റണാവത്തിന്റെ ചിത്രങ്ങളാണ് കഴിഞ്ഞ കുറച്ചുദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചത്. താരം രഹസ്യമായി വിവാഹിതയായി എന്ന രീതിയിലുള്ള അഭ്യൂഹങ്ങൾ പരന്നതോടെ ഒടുവിൽ പ്രതികരണവുമായി കങ്കണ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

​താൻ രഹസ്യമായി വിവാഹം കഴിക്കില്ലെന്ന് താരം ആരാധകർക്ക് ഉറപ്പുനൽകി. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് കങ്കണ റണാവത്ത് വാർത്തകളോട് പ്രതികരിച്ചത്.

​"ഞാൻ ദിവസവും നഗരത്തിലും പരിസരത്തുമായി സിനിമയുടെ ചിത്രീകരണത്തിലാണ്. ആ സമയത്ത് ആരോ എടുത്ത ഒരു റാൻഡം ചിത്രമാണിത്. കഥാപാത്രത്തിന് വേണ്ടിയുള്ള മേക്കപ്പിലാണ് ഞാൻ ഉള്ളത്. ഇപ്പോൾ ഇതാ ഇതിന്റെ പേരിൽ എനിക്ക് നിരവധി ഫോൺ കോളുകളാണ് വരുന്നത്. ഒരു വിവാഹിതയായ സ്ത്രീയുടെ ലുക്കിൽ ഇരിക്കുന്നതിൽ എന്താണ് ഇത്ര വലിയ കാര്യം? അഭിനേതാക്കൾ എല്ലാത്തരം വേഷങ്ങളും ചെയ്യാറുണ്ട്. ഞാൻ രഹസ്യമായി വിവാഹം കഴിക്കില്ല, ഇത് എന്റെ ഉറപ്പാണ്," കങ്കണ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

 

ആ ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗം?

​കങ്കണയുടെ ഈ പുതിയ ലുക്ക് അവരുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ 'ക്വീൻ' (Queen) എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന് വേണ്ടിയുള്ളതാണെന്നാണ് സിനിമാ ലോകത്ത് നിന്നുള്ള റിപ്പോർട്ടുകൾ. 'ക്വീൻ ഫോറെവർ' (Queen Forever) എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് മുംബൈയിൽ പുരോഗമിക്കുകയാണ്.

​അടുത്തതായി ജൂൺ 12-ന് തിയേറ്ററുകളിൽ എത്താനിരിക്കുന്ന 'ഭാരത് ഭാഗ്യ വിധാതാ' എന്ന ചിത്രമാണ് കങ്കണയുടേതായി പുറത്തിറങ്ങാനുള്ളത്. അതിനുശേഷമാകും ക്വീൻ രണ്ടാം ഭാഗം പ്രേക്ഷകരിലേക്ക് എത്തുക.

Tags

Share this story