തിരുവള്ളൂർ അമോണിയ വാതകച്ചോർച്ച: മരണസംഖ്യ അഞ്ചായി ഉയർന്നു; 67 പേർ ചികിത്സയിൽ

വാതക ചോർച്ച

ചെന്നൈ: തമിഴ്‌നാട്ടിലെ തിരുവള്ളൂർ ജില്ലയിലുള്ള സ്വകാര്യ സിഫുഡ് സംസ്‌കരണ-കയറ്റുമതി ശാലയിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ മരണസംഖ്യ അഞ്ചായി ഉയർന്നു. ഞായറാഴ്ച (ജൂൺ 21) രണ്ട് പേർ മരിച്ചിരുന്നു. തുടർന്ന് തിങ്കളാഴ്ച പുലർച്ചെയോടെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മൂന്ന് പേർ കൂടി മരണത്തിന് കീഴടങ്ങുകയായിരുന്നു. മരിച്ച അഞ്ച് പേരും ഒഡീഷയിൽ നിന്നുള്ള ചെറുപ്പക്കാരായ വനിതാ തൊഴിലാളികളാണെന്ന് (19-22 വയസ്സ്) ഔദ്യോഗികമായി സ്ഥിരീകരിച്ചു.

​പെരിയപാളയത്തിനടുത്തുള്ള ഫ്രോസൺ ഫുഡ് കമ്പനിയിലെ റഫ്രിജറേഷൻ പ്ലാന്റിൽ നിന്നാണ് അമോണിയ വാതകം ചോർന്നത്. ഞായറാഴ്ച അവധി ദിവസമായിരുന്നതിനാൽ ഫാക്ടറിക്ക് സമീപമുള്ള ഹോസ്റ്റൽ മുറികളിൽ വിശ്രമിക്കുകയായിരുന്ന തൊഴിലാളികളാണ് ദുരന്തത്തിന് ഇരയായത്. പ്ലാന്റിൽ നിന്നും 50 മീറ്റർ മാത്രം മാറിയാണ് ഇവരുടെ താമസമെന്നതിനാൽ വാതകം അതിവേഗം മുറികളിലേക്ക് പടരുകയായിരുന്നു.

​ശ്വാസതടസ്സം, കണ്ണെരിച്ചിൽ, ചുമ, നെഞ്ചുവേദന എന്നിവ അനുഭവപ്പെട്ടതിനെ തുടർന്ന് 74ഓളം ജീവനക്കാരെയാണ് വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചത്. ഇതിൽ നിലവിൽ 67 പേർ ചികിത്സയിൽ തുടരുകയാണ്. 31 പേരുടെ നില അതീവ ഗുരുതരമാണെന്നും ഇവർ വെന്റിലേറ്റർ സഹായത്തോടെയാണ് കഴിയുന്നതെന്നും തമിഴ്‌നാട് ആരോഗ്യവകുപ്പ് അറിയിച്ചു.

​ദേശീയ ദുരന്തപ്രതികരണ സേന (NDRF) സ്ഥലത്തെത്തിയാണ് വാതകച്ചോർച്ച നിയന്ത്രണവിധേയമാക്കിയത്. ബാക്കിയുള്ള 130ഓളം തൊഴിലാളികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. സംഭവത്തിൽ മുഖ്യമന്ത്രി സി. ജോസഫ് വിജയ് ഉന്നതതല അന്വേഷണത്തിന് ഉത്തരവിടുകയും മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തു. കമ്പനി ഉടമകളായ മോഹൻ, ജോസഫ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Tags

Share this story