മോദിക്ക് തോന്നുന്നവരെ പിടിച്ച് ജയിലിലിടും; ആംആദ്മി ബിജെപിക്ക് ഭീഷണിയായി തുടങ്ങി: അരവിന്ദ് കെജ്‌രിവാള്‍

Aravind Modi

ആംആദ്മി പാര്‍ട്ടിയെ ബിജെപി ഭീഷണിയായാണ് കാണുന്നതെന്ന് ഡല്‍ഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കെജ്രിവാള്‍. നരേന്ദ്രമോദിക്ക് തോന്നുന്നവരെ പിടിച്ച് ജയിലില്‍ അടയ്ക്കുകയാണ് ചെയ്യുന്നത്. എഎപിയെ തകര്‍ക്കാനുള്ള യോജിച്ച പ്രചാരണമാണ് ഇപ്പോള്‍ നടക്കുന്നത്. തങ്ങളുടെ പാര്‍ട്ടിയെ തകര്‍ക്കാനാണ് ബിജെപിയും കേന്ദ്രസര്‍ക്കാരും ശ്രമിക്കുന്നതെന്നും കെജ്രിവാള്‍ കുറ്റപ്പെടുത്തി

പ്രമുഖ എഎപി നേതാക്കളെ അറസ്റ്റ് ചെയ്യുകയും പാര്‍ട്ടിയുടെ ബാങ്ക് അക്കൗണ്ടുകള്‍ പിടിച്ചെടുക്കുകയും ഓഫീസുകള്‍ അടച്ചുപൂട്ടുകയും ചെയ്തു. ആംആദ്മിയെ തൂത്തെറിയാനുള്ള നീക്കങ്ങളാണ് ഇതെല്ലാം. തനിക്ക് ജാമ്യം കിട്ടിയതുമുതല്‍ മോദി ആപ്പിനെ കുറിച്ച് സംസാരിച്ചുകൊണ്ടേയിരിക്കുകയാണ്.രാജ്യം മുഴുവനും ഈ പാര്‍ട്ടിയെ കുറിച്ച് സംസാരിക്കുന്നു..ബിജെപിക്ക് എഎപി ഒരു ഭീഷണിയായി തോന്നിത്തുടങ്ങിയതുകൊണ്ടാണ് അതിനെ തകര്‍ക്കാന്‍ ശ്രമമെന്നും കെജ്രിവാള്‍ പറഞ്ഞു.

ഡല്‍ഹിയില്‍ ബിജെപി ആസ്ഥാനത്തേക്കാണ് എഎപി നേതാക്കളും അരവിന്ദ് കെജ്രിവാളും മാര്‍ച്ച് ചെയ്തത്. നിരവധി പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. എഎപി എംപി സ്വാതി മലിവാളിനെ ആക്രമിച്ച കേസില്‍ കെജ്രിവാളിന്റെ സഹായി ബിഭവ് കുമാറിന്റെ അറസ്റ്റോടെ എഎപിയും ബിജെപിയും തമ്മിലുള്ള പോര് കടുക്കുകയാണ്. എംപി രാഘവ് ഛദ്ദ, മന്ത്രി അതിഷി, സൗരഭ് ഭരദ്വാജ് എന്നിവരുള്‍പ്പെടെ കൂടുതല്‍ അറസ്റ്റുകള്‍ ബിജെപി ആസൂത്രണം ചെയ്തിട്ടുണ്ടെന്നും കെജ്രിവാള്‍ ആരോപിച്ചു.

Share this story