മുർഷിദാബാദിൽ വൻ ദുരന്തം: സ്കൂൾ വാനിലേക്ക് ട്രെയിൻ ഇടിച്ചുകയറി രണ്ട് വിദ്യാർത്ഥികളടക്കം മൂന്ന് മരണം
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ റെയിൽവേ ക്രോസിംഗിൽ സ്കൂൾ വാനിലേക്ക് ട്രെയിൻ ഇടിച്ചുകയറി ദാരുണ അപകടം. രണ്ട് സ്കൂൾ വിദ്യാർത്ഥികളും ഒരു പ്രദേശവാസിയും ഉൾപ്പെടെ മൂന്ന് പേർ അപകടത്തിൽ മരണപ്പെട്ടു. നിരവധി വിദ്യാർത്ഥികൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
വെള്ളിയാഴ്ച രാവിലെ ഏഴ് മണിയോടെ മുർഷിദാബാദിലെ കർണ്ണസുബർണ്ണ റെയിൽവേ സ്റ്റേഷന് സമീപമുള്ള ലെവൽ ക്രോസിലാണ് അപകടമുണ്ടായത്. റോയൽ അക്കാദമി സ്കൂളിലെ കുട്ടികളുമായി പോവുകയായിരുന്ന ടാറ്റാ സുമോ വാനിലാണ് ട്രെയിൻ ഇടിച്ചത്.
അപകടത്തിന് കാരണം ഗേറ്റ്മാന്റെ ഗുരുതര വീഴ്ച
റെയിൽവേ ഗേറ്റ് തുറന്നു കിടന്നതാണ് വൻ ദുരന്തത്തിന് വഴിയൊരുക്കിയത്. അപ് ലൈനിലൂടെ ഒരു എക്സ്പ്രസ് ട്രെയിൻ കടന്നുപോയതിന് തൊട്ടുപിന്നാലെ റെയിൽവേ ഗേറ്റ് തുറക്കുകയായിരുന്നു. റെയിൽവേ ട്രാക്ക് ക്ലിയർ ആണെന്ന് കരുതി സ്കൂൾ വാനും ഒരു സൈക്കിൾ യാത്രക്കാരനും ട്രാക്കിലേക്ക് പ്രവേശിച്ച സമയം നിംതിത-കത്വ ലോക്കൽ ട്രെയിൻ അതിവേഗത്തിൽ വരികയും വാനിലേക്ക് നേരിട്ട് ഇടിച്ചുകയറുകയും ചെയ്തു.
ഇടിയുടെ ആഘാതത്തിൽ പൂർണ്ണമായും തകർന്ന വാനിൽ നിന്നും നാട്ടുകാരുടെ സഹായത്തോടെയാണ് കുട്ടികളെ പുറത്തെടുത്തത്. രണ്ട് വിദ്യാർത്ഥികളും ജംഷഡ് ഷെയ്ഖ് എന്ന സൈക്കിൾ യാത്രക്കാരനുമാണ് സംഭവസ്ഥലത്തുതന്നെ മരിച്ചത്. പരിക്കേറ്റ മറ്റ് കുട്ടികളെയും വാൻ ഡ്രൈവറെയും മുർഷിദാബാദ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ചിലരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.
ഡ്യൂട്ടി സമയത്ത് മദ്യപിച്ചിരുന്ന ഗേറ്റ്മാൻ സിഗ്നൽ ശ്രദ്ധിക്കാതെ ഗേറ്റ് തുറന്നിട്ടതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. റെയിൽവേ അധികൃതർ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിക്കുകയും കുറ്റക്കാരനായ ഗേറ്റ്മാനെ സസ്പെൻഡ് ചെയ്ത് അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ദുരന്തത്തിൽ കേന്ദ്രമന്ത്രി സുകാന്ത മജുംദാർ ഉൾപ്പെടെയുള്ള പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.
