ഇൻഡോറിൽ കനത്ത മഴയിൽ മൂന്ന് നില കെട്ടിടം തകർന്നുവീണു; 2 പേർ മരിച്ചു, 12 പേർക്ക് പരുക്ക്

indore

ഇൻഡോറിലെ റാണിപുരയിൽ കനത്ത മഴയിൽ മൂന്നുനില കെട്ടിടം തകർന്നു വീണു. അപകടത്തിൽ രണ്ട് പേർ മരിക്കുകയും 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അലിഫ, ഫഹീം എന്നിവരാണ് മരിച്ചത്. പരിക്കേറ്റ 12 പേർ മഹാരാജ യശ്വന്ത് റാവു സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. 

ഒരു കുടുംബത്തിലെ 14 പേരാണ് കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയതെന്ന് ജില്ലാ കലക്ടർ ശിവം വർമ്മ അറിയിച്ചു. തിങ്കളാഴ്ച രാത്രിയാണ് അപകടമുണ്ടായത്. കെട്ടിടത്തിന്റെ ബേസ്‌മെന്റ് ഉൾപ്പെടെ തകർന്ന് വീഴുകയായിരുന്നു. ജവഹർ മാർഗിൽ പ്രേംസൂഖ് ടാക്കീസിന് പിന്നിലെ കെട്ടിടമാണ് തകർന്നുവീണത്

കെട്ടിടാവശിഷ്ടങ്ങൾ നീക്കം ചെയ്യാനായി ജെസിബികളും എക്‌സ്‌കവേറ്ററുകളും പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. പോലീസ്, സംസ്ഥാന ദുരന്തനിവാരണ സേന, ഫയർഫോഴ്‌സ് എന്നീ സംയുക്ത സംഘമാണ് രക്ഷാപ്രവർത്തനം തുടരുന്നത്.
 

Tags

Share this story