തില്ലു താജ്പുരിയയെ കൊലപ്പെടുത്തിയത് അതിക്രൂരമായി; നൂറിലേറെ തവണ കുത്തേറ്റു

tillu

കുപ്രസിദ്ധ ഗുണ്ടാ നേതാവ് തില്ലു താജ്പുരിയയെ തീഹാർ ജയിലിനുള്ളിൽ എതിർ ഗ്യാങ്ങിൽ പെട്ടവർ കൊലപ്പെടുത്തിയത് അതിക്രൂരമായിട്ടെന്ന് റിപ്പോർട്ട്. തില്ലുവിന്റെ ശരീരത്തിൽ നൂറിലേറെ തവണ കുത്തേറ്റു. രണ്ട് പേർ ചേർന്നാണ് അടിച്ചുവീഴ്ത്തിയ ശേഷം തില്ലു താജ്പുരിയയെ കുത്തിയത്. 2021ലെ ഡൽഹി രോഹണി കോടതി വെടിവെപ്പ് കേസിലെ മുഖ്യസൂത്രധാരനാണ് തില്ലു. ജിതേന്ദർ ജോഗിയെന്ന ഗുണ്ടാനേതാവാണ് അന്ന് കൊല്ലപ്പെട്ടത്. ജോഗിയുടെ സംഘമാണ് താജ്പുരിയയെ കൊലപ്പെടുത്തിയതെന്നാണ് വിവരം

നൂറിലേറെ തവണയാണ് തില്ലുവിന് ശരീരത്തിൽ കുത്തേറ്റത്. ജയിൽ അധികൃതർ എത്തി മൃതദേഹത്തെ ബെഡ് ഷീറ്റ് കൊണ്ട് പുതച്ചിട്ടും അക്രമികൾ കുത്ത് തുടർന്നു. യോഗേഷ് തുൻഡ, ദീപത് ടീറ്റർ, റിയാസ് ഖാൻ, രാജേഷ് ബാവനിയ എന്നിവരാണ് തില്ലുവിനെ കൊലപ്പെടുത്തിയ സംഘം. ഇവർ ഒന്നാം നിലയിലെ സെല്ലിലായിരുന്നു. തില്ലു താഴത്തെ നിലയിലും. ഒന്നാം നിലയിൽ നിന്നും ബെഡ് ഷീറ്റുകൾ ഉപയോഗിച്ച് താഴത്തെ നിലയിലേക്ക് ഇറങ്ങിയാണ് ഇവർ ആക്രമണം നടത്തിയത്

ഗ്രില്ലുകൾ മുറിച്ച് നീക്കിയാണ് ഇവർ സെല്ലിൽ നിന്നും പുറത്തിറങ്ങിയത്. തില്ലുവിനെ രക്ഷപ്പെടുത്താൻ ശ്രമിച്ച സഹ തടവുകാരൻ രോഹിതിനും കുത്തേറ്റിട്ടുണ്ട്. ആക്രമണം നടക്കുന്ന സമയത്ത് മറ്റ് ജയിൽ പുള്ളികളും അധികൃതരും ഇടപെടാനാകാതെ നോക്കി നിൽക്കുകയായിരുന്നു. അക്രമികൾ ഇവരെയും ഭീഷണിപ്പെടുത്തിയെന്നാണ് വിവരം.
 

Share this story