രാജ്യം ആര് ഭരിക്കുമെന്ന് നാളെ അറിയാം; കാത്തിരുന്ന വോട്ടെണ്ണൽ നാളെ രാവിലെ 8 മണി മുതൽ

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ ആര് ഭരിക്കുമെന്ന് നാളെ അറിയാം. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നാളെ നടക്കും. രാവിലെ എട്ട് മണി മുതൽ വോട്ടെണ്ണി തുടങ്ങും. ആദ്യം പോസ്റ്റൽ ബാലറ്റും പിന്നെ ഇവിഎമ്മിലെ വോട്ടുകളും എണ്ണും

ആദ്യ മണിക്കൂറുകളിൽ തന്നെ ട്രെൻഡ് വ്യക്തമായി തുടങ്ങും. വോട്ടെണ്ണൽ ദിനത്തിലെ ക്രമീകരണങ്ങൾ വിശദമാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്നുച്ചയ്ക്ക് പന്ത്രണ്ടരയ്ക്ക് വാർത്താ സമ്മേളനം വിളിച്ചിട്ടുണ്ട്. വോട്ടെണ്ണലിൽ സുതാര്യത ആവശ്യപ്പെട്ട് ഇന്ത്യ സഖ്യവും, ഇന്ത്യ സഖ്യത്തിനെതിരെ ബിജെപിയും നൽകിയ പരാതികളിൽ കമ്മീഷൻ പ്രതികരിച്ചേക്കും

പുറത്തുവന്ന എക്‌സിറ്റ് പോൾ ഫലങ്ങളെല്ലാം എൻഡിഎ വീണ്ടും അധികാരത്തിലെത്തുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. ബിജെപി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടുമെന്ന സർവേകളുമുണ്ടായി. പ്രതിപക്ഷ കൂട്ടായ്മയായ ഇന്ത്യാ സഖ്യം ഇരുന്നൂറ് സീറ്റ് കടക്കില്ലെന്നാണ് ഭൂരിഭാഗം സർവേയും പ്രവചിച്ചിരിക്കുന്നത്.
 

Share this story