"ട്രേഡ് സീക്രട്ട്'; എസ്ഐആറിൽ ഉപയോഗിക്കുന്ന സോഫ്റ്റ്വെയർ വെളിപ്പെടുത്താനാകില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്
ന്യൂഡൽഹി: എസ്ഐആറിൽ ഉപയോഗിക്കുന്ന സോഫ്റ്റ്വെയറിന്റെ പേരും പതിപ്പും വെളിപ്പെടുത്താൻ കഴിയില്ലെന്ന് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്. സാങ്കേതികവിദ്യയുടെ വിവരങ്ങൾ "വാണിജ്യ രഹസ്യം, ട്രേഡ് സീക്രട്ട്, ബൗദ്ധിക സ്വത്തവകാശം " എന്നിവയുടെ പരിധിയിൽ വരുന്നതിനാൽ വിവരാവകാശ (ആര്ടിഐ) നിയമപ്രകാരം ഇതിൽ നിന്ന് ഇളവുണ്ടെന്നാണ് കമ്മീഷന്റെ വാദം.
തെലങ്കാനയിലെ കരീംനഗർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സാമൂഹിക പ്രവർത്തകൻ എം.എ. മുജീബ് അയ്യൂബ് സമർപ്പിച്ച വിവരാവകാശ അപേക്ഷയ്ക്ക് മറുപടിയായാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഒക്ടോബർ 16ന് ഇക്കാര്യം വ്യക്തമാക്കിയത്. വോട്ടർ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട് ഉയർന്ന വിമർശനങ്ങൾക്കിടെയാണ് കമ്മീഷന്റെ മറുപടി. എസ്.ഐ.ആർ പ്രക്രിയയ്ക്കായി പുതിയ സോഫ്റ്റ്വെയറുകളൊന്നും വികസിപ്പിക്കുകയോ വാങ്ങുകയോ ചെയ്തിട്ടില്ലെന്നും കമ്മീഷൻ കൂട്ടിച്ചേർത്തു
വോട്ടർമാരെ പട്ടികയിൽ ഉൾപ്പെടുത്തുന്നതിനോ ഒഴിവാക്കുന്നതിനോ ഉള്ള അന്തിമ തീരുമാനം അതത് മണ്ഡലങ്ങളിലെ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാരുടെ ചുമതലയാണെന്നും, ലഭ്യമായ രേഖകളുടെ അടിസ്ഥാനത്തിലാണ് അവർ നടപടിയെടുക്കുന്നതെന്നും കമ്മീഷൻ അറിയിച്ചു. വോട്ടർ ഡാറ്റയിലെ തെറ്റുകൾ കണ്ടെത്തുന്നതിന് കൃത്രിമബുദ്ധി, മെഷീൻ ലേണിംഗ് അല്ലെങ്കിൽ പ്രെഡിക്റ്റീവ് അനലിറ്റിക്സ് പോലുള്ള സാങ്കേതികവിദ്യകൾ ഉപയോഗിച്ചിട്ടുണ്ടോ? വോട്ടറുടെ വിവരങ്ങൾ സ്വയമേവ തിരുത്തലിനോ ഒഴിവാക്കലിനോ വേണ്ടി ഈ സിസ്റ്റം ഫ്ലാഗ് ചെയ്യുന്നുണ്ടോ? യഥാർത്ഥ വോട്ടർമാർ പട്ടികയിൽ നിന്ന് തെറ്റായി പുറത്താക്കപ്പെടാതിരിക്കാൻ എന്തെല്ലാം സുരക്ഷാ മുൻകരുതലുകളാണ് സ്വീകരിച്ചിട്ടുള്ളത് തുടങ്ങിയവയാണ് അപേക്ഷകനായ മുജീബ് അയ്യൂബ് ചോദിച്ചിരുന്നത്.
ചോദ്യത്തിന് മറുപടിയായി, വിവരാവകാശ നിയമത്തിലെ വകുപ്പ് 8(1)(d) പ്രകാരമുള്ള ഇളവാണ് കമ്മീഷൻ ഉന്നയിച്ചത്. വാണിജ്യപരമായ രഹസ്യങ്ങളും ബൗദ്ധിക സ്വത്തവകാശവും പുറത്തുവിടുന്നത് മൂന്നാം കക്ഷിയുടെ വിപണി മത്സരത്തെ ബാധിക്കുമെന്നാണ് കമ്മീഷൻ വിശദീകരിച്ചത്
