ഗ്യാനേഷ് കുമാറിനെ പുറത്താക്കാൻ വ്യാപാരികൾ മോദിയോട് പറയു; 30 സെക്കൻഡിനുള്ളിൽ സമരം അവസാനിക്കും: രാഹുൽ ഗാന്ധി

ഗാന്ധി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് പുറത്താക്കാൻ വ്യാപാരി സമൂഹം ആവശ്യപ്പെടുകയാണെങ്കിൽ, നിലവിലുള്ള പ്രതിഷേധങ്ങൾ 30 സെക്കൻഡിനുള്ളിൽ അവസാനിപ്പിക്കാമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ന്യൂഡൽഹിയിൽ വ്യാപാരികളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

​തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങളിൽ നിഷ്പക്ഷത നഷ്ടപ്പെട്ടുവെന്നും ജനങ്ങളുടെ വോട്ടവകാശവും ഭരണഘടനാ സ്ഥാപനങ്ങളും സംരക്ഷിക്കാനാണ് തങ്ങൾ തെരുവിലിറങ്ങി പോരാടുന്നതെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. വോട്ടിംഗ് സമ്പ്രദായത്തിലും വോട്ടർ പട്ടിക പരിഷ്കരണത്തിലും അട്ടിമറി നടന്നിട്ടുണ്ടെന്നും, ഇതിനു പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ നടപടി വേണമെന്നുമാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആവശ്യം.

​"ഗ്യാനേഷ് കുമാറിനെ മാറ്റാൻ പ്രധാനമന്ത്രി തയ്യാറായാൽ ഈ പ്രക്ഷോഭം അര മിനിറ്റിനുള്ളിൽ അവസാനിക്കും. പക്ഷേ, ഭരണഘടനയെയും ജനാധിപത്യത്തെയും തകർക്കുന്ന നടപടികളുമായി മുന്നോട്ടുപോകാനാണ് സർക്കാരിന്റെ നീക്കമെങ്കിൽ ഈ പോരാട്ടം കൂടുതൽ ശക്തമാകും," രാഹുൽ പറഞ്ഞു.

​ഇന്ത്യൻ ഭരണഘടനയുടെ നിലനിൽപ്പിനായി നടത്തുന്ന ഈ പോരാട്ടത്തിന് രാജ്യത്തെ മുഴുവൻ ജനങ്ങളുടെയും വ്യാപാരി സമൂഹത്തിന്റെയും പിന്തുണ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Tags

Share this story