E20 ഇന്ധന നയത്തിനെതിരെ ഡൽഹിയിൽ ഗതാഗത ഉടമകളുടെ പ്രതിഷേധം; ഓഗസ്റ്റ് 4-ന് പാർലമെന്റിലേക്ക് മാർച്ച്
ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ E20 (20 ശതമാനം എഥനോൾ കലർത്തിയ പെട്രോൾ) ഇന്ധന നയത്തിൽ പുനഃപരിശോധന ആവശ്യപ്പെട്ട് ഡൽഹിയിലെ ടാക്സി, ടൂറിസ്റ്റ് ട്രാൻസ്പോർട്ട് ഉടമകൾ പ്രക്ഷോഭത്തിലേക്ക്. ഇതിന്റെ ഭാഗമായി ഓഗസ്റ്റ് 4-ന് പാർലമെന്റിലേക്ക് മാർച്ച് നടത്തുമെന്ന് ഡൽഹി ടാക്സി ആൻഡ് ടൂറിസ്റ്റ് ട്രാൻസ്പോർട്ടേഴ്സ് ആൻഡ് ടൂർ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ അറിയിച്ചു.
E20 പെട്രോൾ ഉപയോഗിക്കുന്നത് വാഹനങ്ങളുടെ പ്രവർത്തനക്ഷമതയെ സാരമായി ബാധിക്കുന്നുണ്ടെന്നും, മൈലേജ് കുറയ്ക്കുകയും അറ്റകുറ്റപ്പണി ചെലവ് വർധിപ്പിക്കുകയും ചെയ്യുന്നുണ്ടെന്നും അസോസിയേഷൻ ആരോപിക്കുന്നു. പ്രത്യേകിച്ച് 2015-ന് മുൻപ് നിർമിച്ച വാഹനങ്ങൾ E20 പെട്രോൾ ഉപയോഗിക്കാൻ പാകത്തിൽ രൂപകൽപ്പന ചെയ്തതല്ലെന്നും ഇത് വാഹന ഉടമകൾക്ക് കനത്ത സാമ്പത്തിക ഭാരം ഉണ്ടാക്കുന്നുണ്ടെന്നും അസോസിയേഷൻ പ്രസിഡന്റ് സഞ്ജയ് സമ്രാട്ട് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
എഥനോൾ മിശ്രിത നയത്തെക്കുറിച്ച് സ്വതന്ത്രവും ശാസ്ത്രീയവുമായ ഒരു പുനഃപരിശോധന നടത്തണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം. വാഹന ഉടമകൾ, ഉപഭോക്താക്കൾ, ഗതാഗത ഉടമകൾ, വാഹന നിർമാതാക്കൾ, സാങ്കേതിക വിദഗ്ധർ എന്നിവരെ ഉൾപ്പെടുത്തി നയത്തിന്റെ ദീർഘകാല പ്രത്യാഘാതങ്ങൾ പഠിക്കണമെന്ന് അസോസിയേഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു.
