ഹോർമൂസിൽ കുടുങ്ങിയത് 23 ദിവസം; എൽപിജി ടാങ്കറായ ജഗ്‌വസന്ത് കപ്പൽ ഗുജറാത്ത് തീരത്തെത്തി

jag

ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിൽ തടസങ്ങൾ തുടരുന്നതിനിടെ, എൽപിജി ടാങ്കറായ ജഗ്‌വസന്ത് വ്യാഴാഴ്ച വൈകിട്ടോടെ ഗുജറാത്തിലെ തുറമുഖത്ത് നങ്കൂരമിട്ടു. മിഡിൽ ഈസ്റ്റിലെ യുദ്ധത്തെ തുടർന്ന് ഏകദേശം 23 ദിവസത്തോളം കടൽപ്പാതയിൽ കുടുങ്ങിക്കിടന്ന ശേഷമാണ് കപ്പൽ വാദിനാർ തുറമുഖത്ത് എത്തിയത്. 

രാജ്യത്ത് പാചകവാതക ക്ഷാമം ഉണ്ടാകുമെന്ന ആശങ്കകൾക്കിടയിൽ കപ്പലിന്റെ വരവ് വലിയ ആശ്വാസമാണ്. കഴിഞ്ഞ ഒരു മാസത്തോളമായി യു എസും ഇസ്രായേലും ആക്രമിച്ചതിനെ തുടർന്നാണ് ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചിട്ടത്. പിന്നാലെ ഹോർമൂസിൽ കുടുങ്ങിയ കപ്പലുകളിൽ ഒന്നാണ് ജഗ് വസന്ത്.  47,600 മെട്രിക് ടൺ എൽപിജിയാണ് ഈ കപ്പലിലുള്ളത്. 

മറ്റൊരു എൽപിജി ടാങ്കറായ പൈൻ ഗ്യാസ് ഉടനെ തന്നെ ന്യൂ മംഗളൂരു തുറമുഖത്ത് എത്തും. ഇതിൽ 45,000 മെട്രിക് ടൺ എൽപിജി ഉണ്ട്. ഈ കപ്പലുകളിലെ 60 ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. ഈ രണ്ട് കപ്പലുകളുടെയും വരവോടെ ഇന്ത്യയുടെ നിലവിലെ സ്റ്റോക്കിലേക്ക് 92,000 മെട്രിക് ടണ്ണിലധികം എൽപിജി കൂടി കൂട്ടിച്ചേർക്കപ്പെടും.
 

Tags

Share this story