വിദേശയാത്ര ഇനി കൂടുതൽ എളുപ്പം; ഇന്ത്യയിലെ ആദ്യ 'ഈസി കണക്ട്' വിമാന സർവീസിന് വാരണാസിയിൽ തുടക്കമായി

Easy Conect

ന്യൂഡൽഹി/ വാരണാസി: ചെറുകിട നഗരങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് വിദേശയാത്ര കൂടുതൽ സുഗമമാക്കുന്ന 'ഈസി കണക്ട്' (Easy Connect) പദ്ധതിക്ക് രാജ്യത്ത് തുടക്കമായി. കേന്ദ്ര സർക്കാരിന്റെ പുതിയ 'ഹബ് ആൻഡ് സ്പോക്ക്' (Hub-and-Spoke) നയത്തിന്റെ ഭാഗമായി ആരംഭിച്ച ഈ പദ്ധതിയുടെ ആദ്യ വിമാന സർവീസ് ഉത്തർപ്രദേശിലെ വാരണാസി ലാൽ ബഹാദൂർ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും കേന്ദ്ര വ്യോമയാന മന്ത്രി കെ. രാംമോഹൻ നായിഡു ഫ്ലാഗ് ഓഫ് ചെയ്തു. എയർ ഇന്ത്യയാണ് ഈ സർവീസ് ലഭ്യമാക്കുന്നത്.

​എന്താണ് 'ഈസി കണക്ട്' പദ്ധതി?

​സാധാരണയായി ചെറിയ നഗരങ്ങളിൽ നിന്നും ഡൽഹിയോ മുംബൈയോ പോലുള്ള വലിയ വിമാനത്താവളങ്ങൾ വഴി വിദേശത്തേക്ക് പോകുന്ന യാത്രക്കാർ, കണക്ടിങ് വിമാനത്താവളങ്ങളിൽ എത്തിയാൽ വീണ്ടും ലഗേജ് കൈപ്പറ്റുകയും ഇമിഗ്രേഷൻ, കസ്റ്റംസ് പരിശോധനകൾക്കായി നീണ്ട ക്യൂവിൽ നിൽക്കേണ്ടതായും വരാറുണ്ട്. എന്നാൽ പുതിയ 'ഈസി കണക്ട്' സംവിധാനത്തിലൂടെ:

  • ​യാത്രക്കാർക്ക് തങ്ങളുടെ സ്വന്തം നഗരത്തിലെ വിമാനത്താവളത്തിൽ വെച്ചുതന്നെ ഇമിഗ്രേഷൻ, കസ്റ്റംസ് നടപടികൾ പൂർത്തിയാക്കാം.
  • ​ലഗേജുകൾ ആദ്യ വിമാനത്താവളത്തിൽ നിന്ന് നേരിട്ട് വിദേശത്തെ ലക്ഷ്യസ്ഥാനത്തേക്ക് ബുക്ക് ചെയ്യാം. ഇടയ്ക്കുള്ള വിമാനത്താവളത്തിൽ വെച്ച് ലഗേജ് വീണ്ടും ശേഖരിക്കേണ്ടതില്ല.
  • ​യാത്രക്കാർക്ക് തുടക്കം മുതൽ ഒടുക്കം വരെയുള്ള ബോർഡിങ് പാസുകൾ ആദ്യമേ ലഭിക്കും.

​വാരണാസിയിൽ നിന്ന് 17 വിദേശ നഗരങ്ങളിലേക്ക്

​വാരണാസിയിൽ നിന്നും പുറപ്പെടുന്ന എയർ ഇന്ത്യയുടെ 'AI 1111' വിമാനം ഡൽഹിയിൽ എത്തിയ ശേഷം, അവിടെ നിന്നും ലണ്ടൻ, ഫ്രാങ്ക്ഫർട്ട്, സിംഗപ്പൂർ, ദുബായ്, റിയാദ് തുടങ്ങി 17 ഓളം അന്താരാഷ്ട്ര നഗരങ്ങളിലേക്ക് യാത്രക്കാർക്ക് വളരെ എളുപ്പത്തിൽ കണക്ട് ചെയ്യാൻ സാധിക്കും.

​അടുത്ത ആറ് ആഴ്ചകൾക്കുള്ളിൽ കൊച്ചി, അമൃത്സർ, വഡോദര, ഗോവ, ഹൈദരാബാദ്, ചെന്നൈ ഉൾപ്പെടെ ആറ് നഗരങ്ങളിലേക്ക് കൂടി ഈ സൗകര്യം വ്യാപിപ്പിക്കുമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. ഇന്ത്യയെ ആഗോള വ്യോമയാന ഹബ്ബാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഈ ചരിത്രപരമായ ചുവടുവെപ്പ്.

Tags

Share this story