സെക്‌സ് റാക്കറ്റിന് വിൽക്കാൻ ശ്രമം; മഹാരാഷ്ട്രയിൽ കാമുകനെ കൊന്ന് യുവതി കടന്നുകളഞ്ഞു
മുംബൈ: തന്നെയും മകളെയും സെക്‌സ് റാക്കറ്റിന് വിൽക്കാൻ ശ്രമിച്ചെന്നാരോപിച്ച് കാമുകനെ യുവതി വധിച്ചു. മഹാരാഷ്ട്രയിലെ ഡോംബിവിലിക്ക് സമീപമുള്ള കല്യാൺ ഈസ്റ്റിലെ വാടകവീട്ടിലാണ് ഞെട്ടിക്കുന്ന കൊലപാതകം നടന്നത്. പശ്ചിമ ബംഗാൾ സ്വദേശിയായ ഹമീദില്ല (37) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ കാമുകി ഹസീബയ്ക്കായി (35) പോലീസ് അന്വേഷണം ഊർജിതമാക്കി.
വാടകവീട്ടിലെ ശുചിമുറിയിലാണ് ഹമീദില്ലയുടെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകം നടത്തിയ ശേഷം യുവതി ഫ്ലാറ്റുടമയുടെ ഫോണിലേക്ക് അയച്ച ശബ്ദസന്ദേശത്തിലൂടെയാണ് വിവരം പുറത്തറിയുന്നത്.
മകളെയും തന്നെയും സെക്‌സ് റാക്കറ്റിന് വിൽക്കാൻ ഹമീദില്ല പദ്ധതിയിട്ടിരുന്നുവെന്നും അതിൽ നിന്നുള്ള രക്ഷപ്പെടലിനാണ് ഇയാളെ വധിച്ചതെന്നും വോയ്‌സ് മെസ്സേജിൽ യുവതി വ്യക്തമാക്കുന്നു. സംഭവത്തിന് ശേഷം യുവതി കൊൽക്കത്തയിലേക്ക് കടന്നുകളഞ്ഞതായാണ് പൊലീസിന് ലഭിക്കുന്ന സൂചന. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
