ഇന്ത്യക്കായി അപ്പാച്ചെ ഹെലികോപ്റ്ററുകളുമായി വന്ന വിമാനത്തിന് വ്യോമപാത നിഷേധിച്ച് തുർക്കി

antonov

ഇന്ത്യൻ സൈന്യത്തിനായി പുതിയ അപ്പാച്ചെ ഹെലികോപ്റ്ററുകൾ കൊണ്ടുവന്ന ചരക്കുവിമാനത്തിന് തുർക്കി വ്യോമപാത നിഷേധിച്ചു. പ്രവർത്തന കേന്ദ്രമായ ജർമനിയിലെ ലൈപ്‌സിഗിൽ നിന്ന് അരിസോണയിലെ മെസാ ഗേറ്റ് വേ വിമാനത്താവളത്തിലെത്തിയ എഎൻ 124 യുആർ-82008 അന്റോനോവ് ചരക്കുവിമാനം ഈ മാസം ഒന്നിനാണ് അപ്പാച്ചെ ഹെലികോപ്റ്ററുകളുമായി ഇന്ത്യയിലേക്ക് പറന്നത്

ഇന്ധനം നിറയ്ക്കുന്നതിന് ബ്രിട്ടനിലെ ഈസ്റ്റ് മിഡ്‌ലാൻഡ്‌സ് വിമാനത്താവളത്തിൽ ഇറക്കിയ വിമാനത്തിന് തുടർന്ന് ഇന്ത്യയിലേക്ക് തുർക്കി വ്യോമപാത നിഷേധിച്ചെന്നാണ് വിവരം. എട്ട് ദിവസം വിമാനത്താവളത്തിൽ അനുമതി കാത്തുകിടന്ന വിമാനം തുടർന്ന് എട്ടാം തീയതി യുഎസിലേക്ക് മടങ്ങി

ആറ് അപ്പാച്ചെ ആക്രമണ ഹെലികോപ്റ്ററുകൾ ഇന്ത്യക്ക് നൽകാമെന്നാണ് യുഎസിന്റെ കരാർ. ജൂലൈയിൽ മൂന്ന് ഹെലികോപ്റ്ററുകൾ ഇന്ത്യക്ക് കൈമാറിയിരുന്നു. അന്ന് തുർക്കി വ്യോമപാത ഉപയോഗിക്കാൻ അനുമതി നൽകിയിരുന്നു. നിലവിൽ മറ്റൊരു വ്യോമപാത വഴി ഹെലികോപ്റ്ററുകൾ ഇന്ത്യയിലെത്തിക്കാൻ ശ്രമം തുടരുകയാണ്.
 

Tags

Share this story