ട്വിഷ ശർമ്മയുടെ മരണം: ഭർത്താവിന്റെയും അമ്മായിയമ്മയുടെയും ജുഡീഷ്യൽ കസ്റ്റഡി ജൂൺ 30 വരെ നീട്ടി
ഭോപ്പാൽ: പ്രമുഖ മോഡലും നടിയുമായ ട്വിഷ ശർമ്മയുടെ (33) ദുരൂഹ മരണവുമായി ബന്ധപ്പെട്ട സ്ത്രീധന പീഡനക്കേസിൽ പ്രതികളായ ഭർത്താവ് സമർത്ഥ് സിംഗ്, അമ്മായിയമ്മയും മുൻ ജില്ലാ ജഡ്ജിയുമായ ഗിരിബാല സിംഗ് എന്നിവരുടെ ജുഡീഷ്യൽ കസ്റ്റഡി ഭോപ്പാൽ കോടതി നീട്ടി. ജൂൺ 30 വരെയാണ് കസ്റ്റഡി നീട്ടിയത്. പ്രതികളുടെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് വീഡിയോ കോൺഫറൻസിങ് വഴിയാണ് ഇവരെ കോടതിയിൽ ഹാജരാക്കിയത്.
കേസ് അന്വേഷിക്കുന്ന കേന്ദ്ര അന്വേഷണ ഏജൻസി (സി.ബി.ഐ) കസ്റ്റഡി നീട്ടിനൽകണമെന്ന് കോടതിയിൽ ആവശ്യപ്പെടുകയായിരുന്നു. ഡിജിറ്റൽ തെളിവുകളുടെ പരിശോധന, എയിംസ് (AIIMS) ഡൽഹിയിൽ നടത്തിയ രണ്ടാമത്തെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്, ഫോറൻസിക് ഫലങ്ങൾ എന്നിവ ലഭ്യമാകാനുണ്ടെന്നും അന്വേഷണം അതീവ നിർണായക ഘട്ടത്തിലാണെന്നും സി.ബി.ഐ കോടതിയെ അറിയിച്ചു. പ്രതികൾക്ക് സ്വാധീനമുള്ളതിനാൽ പുറത്തിറങ്ങിയാൽ തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്ന സി.ബി.ഐയുടെ വാദം അംഗീകരിച്ചാണ് കോടതി നടപടി.
കഴിഞ്ഞ ഡിസംബറിലായിരുന്നു നോയിഡ സ്വദേശിയായ ട്വിഷയും ഭോപ്പാലിലെ അഭിഭാഷകനായ സമർത്ഥും തമ്മിലുള്ള വിവാഹം. മേയ് 12-ന് ഭോപ്പാലിലെ ഭർതൃഗൃഹത്തിൽ ട്വിഷയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ട്വിഷയുടെ ശരീരത്തിൽ പരിക്കുകളുണ്ടായിരുന്നതായും കാർ ഉൾപ്പെടെയുള്ള വൻ തുകയുടെ സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവും അമ്മായിയമ്മയും മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായും പെൺകുട്ടിയുടെ കുടുംബം ആരോപിച്ചിരുന്നു. ഭോപ്പാൽ പൊലീസിന്റെ ആദ്യഘട്ട അന്വേഷണത്തിൽ വീഴ്ചകൾ ആരോപിക്കപ്പെട്ടതിനെ തുടർന്നാണ് കേസ് സി.ബി.ഐയ്ക്ക് കൈമാറിയത്. പ്രതികൾ നിലവിൽ ഭോപ്പാൽ സെൻട്രൽ ജയിലിലാണ്.
