ട്വിഷാ ശർമ്മയുടെ മരണം; സ്ത്രീധന പീഡനമെന്ന് കുടുംബം, ലഹരിക്ക് അടിമയെന്ന് ഭർത്താവിന്റെ വീട്ടുകാർ: ദുരൂഹതയേറി ഭോപ്പാൽ കേസ്
ഭോപ്പാൽ: മുൻ മോഡലും നടിയുമായ ട്വിഷാ ശർമ്മ (33) ഭോപ്പാലിലെ ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതകളും ആരോപണ പ്രത്യാരോപണങ്ങളും ശക്തമാകുന്നു. 2025 ഡിസംബറിലായിരുന്നു നോയിഡ സ്വദേശിയായ ട്വിഷായും ഭോപ്പാലിലെ അഭിഭാഷകനായ സമർത്ഥ് സിംഗും തമ്മിലുള്ള വിവാഹം. വിവാഹം കഴിഞ്ഞ് ആറുമാസം തികയുന്നതിന് മുൻപ്, മെയ് 12-നാണ് ട്വിഷായെ വീടിന്റെ മുകളിലത്തെ നിലയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ട്വിഷായുടേത് കൊലപാതകമാണെന്നാണ് പെൺകുട്ടിയുടെ കുടുംബം ആരോപിക്കുന്നത്. നിരന്തരമായി സ്ത്രീധനം ആവശ്യപ്പെട്ട് സമർത്ഥും അമ്മയും ട്വിഷായെ പീഡിപ്പിച്ചിരുന്നതായി കുടുംബം പറയുന്നു. മരണവിവരത്തിന് തൊട്ടുമുൻപുള്ള ദിവസങ്ങളിൽ "എന്നെ ഇവിടെ നിന്ന് വന്ന് കൂട്ടിക്കൊണ്ടുപോകൂ, ഇവിടുത്തെ ജീവിതം നരകമാണ്" എന്ന് ട്വിഷാ അമ്മയ്ക്ക് അയച്ച വാട്സാപ്പ് സന്ദേശങ്ങളും കുടുംബം കോടതിയിൽ ഹാജരാക്കി.
എയിംസ് ഭോപ്പാലിൽ നടത്തിയ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് അനുസരിച്ച് മരണം തൂങ്ങിമരണം മൂലമാണെന്ന് വ്യക്തമാക്കുന്നുണ്ടെങ്കിലും, ട്വിഷായുടെ ശരീരത്തിൽ മർദ്ദനമേറ്റ പരിക്കുകളുണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, മരണത്തിന് ഒരാഴ്ച മുൻപ് ട്വിഷാ ഗർഭഛിദ്രം (Abortion) നടത്തിയിരുന്നതായും റിപ്പോർട്ടിൽ സൂചനയുണ്ട്. ഗർഭസ്ഥ ശിശുവിന്റെ പിതൃത്വത്തെ ഭർതൃവീട്ടുകാർ ചോദ്യം ചെയ്യുകയും ഗർഭഛിദ്രത്തിന് നിർബന്ധിക്കുകയും ചെയ്തതായി ട്വിഷായുടെ കുടുംബം ആരോപിക്കുന്നു.
ട്വിഷായുടെ ഭർത്താവിന്റെ അമ്മയും മുൻ ജഡ്ജിയുമായ ഗിരിബാല സിംഗ് ഈ ആരോപണങ്ങളെല്ലാം നിഷേധിച്ചു. ട്വിഷാ കഞ്ചാവിനും മറ്റ് മരുന്നുകൾക്കും അടിമയായിരുന്നുവെന്നും കടുത്ത മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായും അവർ ആരോപിക്കുന്നു. കുട്ടി വേണ്ടെന്നത് ട്വിഷായുടെ സ്വന്തം തീരുമാനമായിരുന്നുവെന്നും അതിനായി സ്വയം അബോർഷൻ ഗുളികകൾ കഴിക്കുകയായിരുന്നു എന്നുമാണ് ഭർതൃവീട്ടുകാരുടെ വാദം.
കേസിൽ പ്രതിയായ ഭർത്താവ് സമർത്ഥ് സിംഗ് നിലവിൽ ഒളിവിലാണ്. ഇയാളുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. സമർത്ഥിനെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘത്തെ (SIT) നിയോഗിച്ച പോലീസ്, ഇയാൾ രാജ്യം വിടാതിരിക്കാൻ പാസ്‌പോർട്ട് റദ്ദാക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഇയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക് പതിനായിരം രൂപ പ്രതിഫലവും പ്രഖ്യാപിച്ചിട്ടുണ്ട്. കേസിലെ മറ്റൊരു പ്രതിയായ അമ്മ ഗിരിബാല സിംഗിന് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.
കേസിൽ കൂടുതൽ വ്യക്തത വരുത്താനായി രണ്ടാമതൊരു പോസ്റ്റ്‌മോർട്ടം നടത്തണമെന്ന ട്വിഷായുടെ മാതാപിതാക്കളുടെ ആവശ്യം പ്രാദേശിക കോടതി തള്ളിയിട്ടുണ്ട്. കേസിനെ സ്വാധീനിക്കാൻ ഭർതൃവീട്ടുകാർ ശ്രമിക്കുന്നതായി ആരോപിച്ച് പെൺകുട്ടിയുടെ കുടുംബം സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്.
