ഉദ്ധവിന് വീണ്ടും തിരിച്ചടി; പേരും ചിഹ്നവും ഷിൻഡെ വിഭാഗത്തിന് നൽകിയ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്യില്ല

Shivavasena

മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് വീണ്ടും തിരിച്ചടി. ഏകനാഥ് ഷിൻഡെ വിഭാഗത്തിന് ശിവസേനയുടെ പേരും, 'അമ്പും വില്ലും' ചിഹ്നവും നൽകാനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം സ്റ്റേ ചെയ്യാൻ സുപ്രീം കോടതി വിസമ്മതിച്ചു.

"ഷിൻഡെ വിഭാഗം തിരഞ്ഞെടുപ്പ് കമ്മീഷന് മുമ്പാകെ വിജയിച്ചു കഴിഞ്ഞുവെന്നും, ആ ഉത്തരവ് സ്റ്റേ ചെയ്യാൻ സുപ്രീം കോടതിക്ക് കഴിയില്ലെ" ന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു. ശിവസേന (ഉദ്ധവ് ബാലാസാഹേബ് താക്കറെ) വിഭാഗത്തിനോട്  'ജ്വലിക്കുന്ന ടോർച്ച്' ചിഹ്നം ഉപയോഗിക്കുന്നത് തുടരാനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ചീഫ് ജസ്റ്റിസ് ആവർത്തിച്ചു.

ഇടക്കാലാശ്വാസമായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് സ്റ്റേ ചെയ്യണമെന്നാണ് ഉദ്ധവ് വിഭാഗം ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്. നിഷ്പക്ഷ മദ്ധ്യസ്ഥൻ എന്ന നിലയിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ അതിന്റെ ചുമതല നിർവഹിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് ശിവസേന (യുബിടി) കുറ്റപ്പെടുത്തി. ഭരണഘടനാ പദവി തകർക്കുന്ന തരത്തിലാണ് ഇസി പെരുമാറിയതെന്നും അവർ ആരോപിച്ചു.

2022 ജൂലൈ 8 ന്, വിഭജനത്തിന് ശേഷം, ശിവസേനയുടെ  'അമ്പും വില്ലും' ചിഹ്നം നിയമപ്രകാരം തന്റെ വിഭാഗത്തിൽ തന്നെ തുടരുമെന്ന് ഉദ്ധവ് താക്കറെ പ്രസ്താവിച്ചു. ഔദ്യോഗിക അംഗീകാരം പ്രഖ്യാപിക്കുന്നത് വരെ ശിവസേനയുടെ പേരോ ചിഹ്നമോ ഉപയോഗിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ ഒക്ടോബർ 8-ന് ഇസിഐ താക്കറെ, ഏകനാഥ് ഷിൻഡെ ക്യാമ്പുകൾക്ക് നിർദ്ദേശം നൽകി. ചിഹ്നം മരവിപ്പിച്ചതിനാൽ ഇരുവിഭാഗത്തിനും ഉപയോഗിക്കാനായില്ല.

തുടർന്ന്, താക്കറെ വിഭാഗത്തിന്റെ പാർട്ടി നാമമായി 'ശിവസേന-ഉദ്ധവ് ബാലാസാഹേബ് താക്കറെ' എന്നും ഷിൻഡെ ഗ്രൂപ്പിന്റെ പേരായി 'ബാലാസാഹെബാഞ്ചി ശിവസേന' (ബാലാസാഹെബിന്റെ ശിവസേന) എന്നും ഇസിഐ അനുവദിച്ചു. 

Share this story