ഉദയനിധി സ്റ്റാലിനെ ചോദ്യം ചെയ്ത് വിട്ടയച്ചു; തമിഴ്‌നാട്ടിലുടനീളം ഡി.എം.കെ പ്രവർത്തകരുടെ വൻ പ്രതിഷേധം

ഉദയനിധി അറസ്റ്റ്

ചെന്നൈ: നടി തൃഷയ്‌ക്കെതിരെ അധിക്ഷേപകരമായ ദ്വയാർത്ഥ പരാമർശം നടത്തിയെന്ന കേസിൽ കസ്റ്റഡിയിലെടുത്ത തമിഴ്‌നാട് മുൻ ഉപമുഖ്യമന്ത്രിയും ഡി.എം.കെ നേതാവുമായ ഉദയനിധി സ്റ്റാലിനെ പോലീസ് ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചു. ഉദയനിധിയെ റിമാൻഡ് ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെന്നും ചോദ്യം ചെയ്യലിന് ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുമെന്നും മദ്രാസ് ഹൈക്കോടതിയിൽ സർക്കാർ വ്യക്തമാക്കിയതിന് പിന്നാലെയാണ് നടപടി.

​ഉദയനിധിയുടെ കസ്റ്റഡിയിൽ പ്രതിഷേധിച്ച് മദ്രാസ് ഹൈക്കോടതിക്ക് മുന്നിലും ഡി.എം.കെ ആസ്ഥാനമായ അണ്ണാ അറിവാലയത്തിന് സമീപവും തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിലും പ്രവർത്തകർ വൻ പ്രതിഷേധം നടത്തി. പോലീസും ഡി.എം.കെ പ്രവർത്തകരും തമ്മിൽ ഇടയ്ക്കു തള്ളങ്കേറ്റവും സംഘർഷവുമുണ്ടായി. റോഡ് ഉപരോധിച്ച നിരവധി പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു.

വിവാദ സംഭവം:

കാവേരി നദീജല തർക്കവുമായി ബന്ധപ്പെട്ട് തഞ്ചാവൂരിൽ ഡി.എം.കെ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിനിടെയാണ് കേസിനാസ്പദമായ സംഭവം. ഉദയനിധി പ്രസംഗിക്കുന്നതിനിടെ സദസ്സിൽ നിന്ന് ചിലർ നടി 'തൃഷ'യുടെ പേര് വിളിച്ച് കൂവുകയും, തുടർന്ന് ഉദയനിധി ദ്വയാർത്ഥപ്രയോഗമുള്ള അധിക്ഷേപകരമായ മറുപടി നൽകിയെന്നുമാണ് പരാതി. എന്നാൽ കാവേരി വെള്ളത്തെക്കുറിച്ച് മാത്രമാണ് താൻ സംസാരിച്ചതെന്നും ആരെയും അധിക്ഷേപിച്ചിട്ടില്ലെന്നും ഡി.എം.കെ വ്യക്തമാക്കുന്നു.

​സംഭവത്തിൽ തമിഴക വെട്രി കഴകം (TVK) പ്രവർത്തക സഭ നിർമ്മലാ തഞ്ചാവൂർ ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയുണ്ടായത്. ദേശീയ വനിതാ കമ്മീഷനിലും ഇതിനെതിരെ പരാതി നൽകിയിട്ടുണ്ട്. ബി.ജെ.പിയും സംഭവത്തിൽ രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരുന്നു. അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കാനും ആവശ്യപ്പെടുമ്പോൾ പോലീസിന് മുന്നിൽ ഹാജരാകാനും കോടതി ഉദയനിധിയോട് നിർദ്ദേശിച്ചിട്ടുണ്ട്.

Tags

Share this story