മുംബൈ ഭീകരാക്രമണ കേസിലെ പ്രോസിക്യൂട്ടർ ഉജ്വൽ നികം ബിജെപി സ്ഥാനാർഥി: പൂനം മഹാജനെ തഴഞ്ഞു

മുംബൈ ഭീകരാക്രമണം ഉൾപ്പെടെ പ്രമാദമായ പല കേസുകളിലും പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന ഉജ്വൽ നികം പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ മത്സരിക്കും. മുംബൈ നോർത്ത് സെൻട്രൽ സീറ്റിൽ നിന്ന് ബിജെപി പ്രതിനിധിയായാണ് മത്സരിക്കുക. രണ്ടു വട്ടം ഇവിടെനിന്നു ജയിച്ച പൂനം മഹാജനെ തഴഞ്ഞാണ് ഉജ്വൽ നികമിന് ബിജെപി ഈ സീറ്റ് നൽകിയിരിക്കുന്നത്.

ബിജെപി ദേശീയ നേതാവായിരുന്ന പ്രമോദ് മഹാജന്‍റെ മകളാണ് പൂനം. പാർട്ടി നേതൃത്വത്തിന്‍റെ പ്രതീക്ഷകൾക്കൊത്ത് ഉയരാൻ സാധിക്കാത്തതാണ് പൂനത്തെ ഒഴിവാക്കാൻ കാരണമെന്നാണ് സൂചന. പത്തു വർഷം മണ്ഡലത്തെ പ്രതിനിധീകരിക്കാൻ അവസരം നൽകിയതിന് പൂനം പാർട്ടിക്കു നന്ദി പറഞ്ഞു.

അതേസമയം, 1993ലെ സ്ഫോടന പരമ്പരയുടെ വിചാരണവേളയിലും 26/11 ആക്രമണത്തിലെ പ്രതി അജ്മൽ കസബിന്‍റെ വിചാരണവേളയിലും ടെലിവിഷൻ ചാനലുകളുടെ പ്രൈം ടൈം ചർച്ചകളിൽ നിറഞ്ഞു നിന്ന വ്യക്തിത്വമാണ് ഉജ്വൽ നികം. അദ്ദേഹത്തിന്‍റെ സ്ഥാനാർഥിത്വത്തിലൂടെ തങ്ങളുടെ 'ഭീകരവിരുദ്ധ മുഖം' ഉയർത്തിക്കാട്ടാൻ സാധിക്കും എന്നാണ് ബിജെപി നേതൃത്വം കണക്കുകൂട്ടുന്നത്.

''രാഷ്‌ട്രീയത്തിലൂടെ സമൂഹത്തെയും രാജ്യത്തെയും സേവിക്കാനാവും. ഈ അവസരത്തെ രാജ്യസേവനത്തിനുള്ള അവസരമായാണ് ഞാൻ കാണുന്നത്'', നികം പറഞ്ഞു.

Share this story