കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഭക്ഷ്യവിഷബാധ; ആരോഗ്യനില തൃപ്തികരം

അമിത് ഷാ

ബെംഗളൂരു: കർണാടക സന്ദർശനത്തിനിടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഭക്ഷ്യവിഷബാധയേറ്റു. കടുത്ത ഛർദ്ദിയും തളർച്ചയും അനുഭവപ്പെട്ടതിനെ തുടർന്ന് ശനിയാഴ്ച നടക്കേണ്ടിയിരുന്ന രണ്ട് പൊതുപരിപാടികളിൽ നിന്ന് അദ്ദേഹം വിട്ടുനിന്നു.

​കർണാടകയിലെ ഹുബ്ബള്ളിയിലുള്ള ഹോട്ടലിൽ തങ്ങുന്നതിനിടെയാണ് അദ്ദേഹത്തിന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. ഉടൻ തന്നെ വിദഗ്ധ ഡോക്ടർമാരുടെ സംഘം ഹോട്ടലിലെത്തി ആവശ്യമായ വൈദ്യസഹായവും പരിചരണവും ലഭ്യമാക്കി. ഡോക്ടർമാരുടെ നിർദേശപ്രകാരം അദ്ദേഹം ഹോട്ടൽ മുറിയിൽ വിശ്രമത്തിലായിരുന്നു.

​ഹുബ്ബള്ളിയിലെ കെ.എൽ.ഇ മെഡിക്കൽ കോളേജ് ആശുപത്രിയുടെയും ബെളഗാവിയിലെ ശ്രീ ബീരേശ്വർ സൊസൈറ്റി മന്ദിരത്തിന്റെയും ഉദ്ഘാടനച്ചടങ്ങുകളിലാണ് അമിത് ഷാ പങ്കെടുക്കേണ്ടിയിരുന്നത്. അമിത് ഷായ്ക്ക് പങ്കെടുക്കാൻ സാധിക്കാത്തതിനെ തുടർന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയുടെ നേതൃത്വത്തിലാണ് ഉദ്ഘാടന ചടങ്ങുകൾ പൂർത്തിയാക്കിയത്.

​അമിത് ഷായുടെ ആരോഗ്യനില ഇപ്പോൾ പൂർണ്ണമായും തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി മാധ്യമങ്ങളെ അറിയിച്ചു. ഡോക്ടർമാരുടെ പരിശോധനയ്ക്ക് ശേഷം ആരോഗ്യം മെച്ചപ്പെട്ടതിനെ തുടർന്ന് ശനിയാഴ്ച വൈകുന്നേരത്തോടെ അമിത് ഷാ ഡൽഹിയിലേക്ക് മടങ്ങി. 

Tags

Share this story