ലോക സംസ്കൃത ദിനത്തിൽ ആശംസകളുമായി കേന്ദ്ര ആഭ്യന്തരമന്ത്രി; സംസ്കൃതം പുരാതനവും ശാസ്ത്രീയവുമായ ഭാഷയെന്ന് അമിത് ഷാ
ന്യൂഡൽഹി: സംസ്‌കൃത ഭാഷ ഇന്ത്യയുടെ സമ്പന്നമായ അറിവുപാരമ്പര്യത്തിന്റെയും സംസ്‌കാരത്തിന്റെയും മാനവിക ബോധത്തിന്റെയും പ്രധാന അടിത്തറയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 'ലോക സംസ്‌കൃത ദിന'ത്തോടനുബന്ധിച്ച് ആശംസകൾ അറിയിച്ചുകൊണ്ട് നൽകിയ സന്ദേശത്തിലാണ് അമിത് ഷാ ഭാഷയുടെ പ്രാധാന്യം ഓർമ്മിപ്പിച്ചത്.
സംസ്‌കൃതം എത്രത്തോളം പ്രാചീനമാണോ, അത്രത്തോളം തന്നെ ശാസ്ത്രീയമായി സമ്പന്നവുമാണെന്ന് അമിത് ഷാ വ്യക്തമാക്കി. നൂറ്റാണ്ടുകളായി മനുഷ്യരാശിയെ അറിവിന്റെ പാതയിലൂടെ നയിക്കാൻ സംസ്‌കൃതത്തിൽ രചിക്കപ്പെട്ട വേദങ്ങൾക്കും ഉപനിഷത്തുകൾക്കും ശാസ്ത്രങ്ങൾക്കും സാധിച്ചിട്ടുണ്ട്.
സംസ്‌കൃത ഭാഷയെ സംരക്ഷിക്കുന്നതിനും പുതിയ തലമുറയ്ക്ക് അത് പകർന്നുനൽകുന്നതിനും മറക്കാനാകാത്ത സംഭാവനകൾ നൽകിയ എല്ലാ പണ്ഡിതന്മാരെയും അധ്യാപകരെയും അദ്ദേഹം ആദരവോടെ സ്മരിച്ചു. രാജ്യത്തെ ഭൂരിഭാഗം ഭാഷകളുടെയും മാതൃഭാഷ സംസ്‌കൃതമാണെന്നും സംസ്‌കൃതത്തിന്റെ പുനരുജ്ജീവനം ഇന്ത്യയുടെ പുരോഗതിയിൽ സുപ്രധാന പങ്ക് വഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
