കേന്ദ്രമന്ത്രി ജോർജ് കുര്യൻ രാജിവെച്ചു; രാജി രാജ്യസഭാ കാലാവധി പൂർത്തിയായതിനെ തുടർന്ന്

ജോർജ് കുര്യൻ

ന്യൂഡൽഹി: കേന്ദ്ര ന്യൂനപക്ഷ കാര്യ, ഫിഷറീസ് സഹമന്ത്രി ജോർജ് കുര്യൻ മന്ത്രിസ്ഥാനം രാജിവെച്ചു. രാജ്യസഭാംഗത്വത്തിന്റെ കാലാവധി പൂർത്തിയായതിനെ തുടർന്നാണ് അദ്ദേഹം പദവി ഒഴിഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശുപാർശപ്രകാരം രാഷ്ട്രപതി ദ്രൗപദി മുർമു ജോർജ് കുര്യന്റെ രാജി അടിയന്തര പ്രാബല്യത്തോടെ സ്വീകരിച്ചു.

​മധ്യപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗമായിരുന്ന ജോർജ് കുര്യന്റെ കാലാവധി അവസാനിച്ചതോടെയാണ് രാജി. ഇത്തവണ മധ്യപ്രദേശിൽ നിന്നുള്ള ബിജെപിയുടെ രാജ്യസഭാ സ്ഥാനാർത്ഥി പട്ടികയിൽ അദ്ദേഹത്തെ ഉൾപ്പെടുത്തിയിരുന്നില്ല.

​കേരളത്തിൽ നിന്നുള്ള മുതിർന്ന ബിജെപി നേതാവായ ജോർജ് കുര്യൻ, 2024 ജൂണിലാണ് മൂന്നാം മോദി സർക്കാരിൽ സഹമന്ത്രിയായി ചുമതലയേറ്റത്. മന്ത്രിസ്ഥാനം ഒഴിഞ്ഞ സാഹചര്യത്തിൽ അദ്ദേഹം ഇനി കേരളത്തിലേക്ക് മടങ്ങി പൂർണ്ണസമയ സംഘടനാ പ്രവർത്തനങ്ങളിൽ സജീവമാകുമെന്നാണ് സൂചനകൾ.

Tags

Share this story