യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഇന്ത്യയിൽ; ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും
ന്യൂഡൽഹി: അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ നാല് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയിലെത്തി. ശനിയാഴ്ച രാവിലെ കൊൽക്കത്തയിലാണ് അദ്ദേഹം ആദ്യം വിമാനമിറങ്ങിയത്. തുടർന്ന് ഡൽഹിയിലെത്തുന്ന റൂബിയോ ഇന്ന് ഉച്ചയ്ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും.
ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം, ഊർജ സുരക്ഷ, പ്രതിരോധം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച ചർച്ചകൾ കൂടിക്കാഴ്ചയിൽ പ്രധാന വിഷയങ്ങളാകും. 14 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒരു യുഎസ് സ്റ്റേറ്റ് സെക്രട്ടറി കൊൽക്കത്ത സന്ദർശിക്കുന്നത് എന്ന പ്രത്യേകതയും റൂബിയോയുടെ ഈ യാത്രയ്ക്കുണ്ട്.
ഇന്ത്യൻ സന്ദർശനത്തിനിടെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി അദ്ദേഹം ഉഭയകക്ഷി ചർച്ചകൾ നടത്തും. മെയ് 26-ന് ഡൽഹിയിൽ നടക്കുന്ന ക്വാഡ് (Quad) വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനത്തിലും മാർക്കോ റൂബിയോ പങ്കെടുക്കും. കൂടാതെ ആഗ്ര, ജയ്പൂർ എന്നീ നഗരങ്ങളും അദ്ദേഹം സന്ദർശിക്കാൻ പദ്ധതിയിട്ടിട്ടുണ്ട്. ഇന്ത്യ തങ്ങളുടെ മികച്ച പങ്കാളിയാണെന്നും ഊർജ മേഖലയിലുൾപ്പെടെ വലിയ സഹകരണ സാധ്യതകളാണ് മുന്നിലുള്ളതെന്നും ഇന്ത്യയിലേക്ക് തിരിക്കും മുൻപ് റൂബിയോ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.
