യുഎസ് പാക് ബന്ധം ഇന്ത്യയുമായുള്ള സൗഹൃദത്തെ ബാധിക്കില്ല: യുഎസ് സ്റ്റേറ്റ് സെക്രട്ടറി മർക്കോ റൂബിയോ
മുംബൈ: പാക്കിസ്ഥാനുമായോ മറ്റ് ഏതെങ്കിലും രാജ്യങ്ങളുമായോ ഉള്ള യുഎസിന്റെ ബന്ധം ഇന്ത്യയുമായുള്ള നയതന്ത്ര സൗഹൃദത്തെ ഒരിക്കലും ബാധിക്കില്ലെന്ന് വ്യക്തമാക്കി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മർക്കോ റൂബിയോ. മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ അദ്ദേഹം പ്രമുഖ ദേശീയ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലാണ് അമേരിക്കയുടെ വിദേശനയം വ്യക്തമാക്കി നിലപാട് അറിയിച്ചത്.
1970-കളിൽ റിച്ചാർഡ് നിക്സൺ - ഹെൻറി കിസിഞ്ചർ ഭരണകാലത്ത് അമേരിക്ക പുലർത്തിയിരുന്ന പാക് അനുകൂല നിലപാടിലേക്ക് യുഎസ് മടങ്ങുകയാണോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. അന്നത്തെ ശീതയുദ്ധ കാലഘട്ടത്തിൽ നിന്ന് ലോകം ഇന്ന് ഏറെ മാറിയിട്ടുണ്ടെന്നും പഴയ കാലവുമായി ഇപ്പോഴത്തെ സാഹചര്യങ്ങളെ താരതമ്യം ചെയ്യാൻ സാധിക്കില്ലെന്നും റൂബിയോ പറഞ്ഞു.
അണുവായുധ ശേഷിയുള്ള രാജ്യമായതിനാലും ഭൂമിശാസ്ത്രപരമായ പ്രാധാന്യമുള്ളതിനാലും പാക്കിസ്ഥാനുമായി നയതന്ത്രബന്ധം പുലർത്തേണ്ടത് അമെരിക്കയുടെ ആവശ്യമാണെന്ന് റൂബിയോ ചൂണ്ടിക്കാട്ടി. ഇന്ത്യ ഇറാനുമായി നയതന്ത്രബന്ധം പുലർത്തുന്നത് പോലെയാണിതെന്നും, ഈ സ്വാധീനം മേഖലയിൽ സംഘർഷങ്ങൾ ഒഴിവാക്കാൻ പോസിറ്റിവായി ഉപയോഗിക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സന്ദർശനത്തിന്റെ ഭാഗമായി ചൊവ്വാഴ്ച മുംബൈയിൽ വച്ച് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറുമായി റൂബിയോ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യയും അമെരിക്കയും തമ്മിലുള്ള വ്യാപാര കരാർ അന്തിമഘട്ടത്തിലാണെന്നും ചുരുക്കം ചില കാര്യങ്ങളിൽ മാത്രമാണ് ഇനി തീരുമാനമാകാനുള്ളതെന്നും അദ്ദേഹം അറിയിച്ചു. പ്രതിരോധം, ഊർജം, സാങ്കേതികവിദ്യ എന്നീ മേഖലകളിൽ സഹകരണം ശക്തമാക്കാൻ ഇരുനേതാക്കളും ധാരണയായി.
സന്ദർശനത്തിന്റെ രണ്ടാം ഘട്ടമായി ബുധനാഴ്ച ഗുജറാത്തിലെ ജാംനഗറിലേക്ക് തിരിച്ചു. റിലയൻസിന്റെ ലോകോത്തര റിഫൈനറി സ്ഥിതി ചെയ്യുന്ന ജാംനഗറിൽ ഊർജമേഖലയിലെ സഹകരണം വർധിപ്പിക്കുന്നത് സംബന്ധിച്ച ചർച്ചകൾ നടത്തും. അഞ്ച് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് റൂബിയോ വലിയൊരു വ്യവസായ പ്രതിനിധി സംഘത്തോടൊപ്പം ഇന്ത്യ സന്ദർശിക്കുന്നത്.
