ഉത്തര്‍ പ്രദേശ് തെരഞ്ഞെടുപ്പ്; എന്‍ഡിഎ 80 ശതമാനം വോട്ട് നേടി അധികാരത്തിലെത്തുമെന്ന് യോഗി ആദിത്യനാഥ്
ലഖ്‌നൗ: ഉത്തര്‍ പ്രദേശില്‍ ബിജെപി നയിക്കുന്ന എന്‍ഡിഎ സഖ്യം 80 ശതമാനം വോട്ട് നേടുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഏറെ ചര്‍ച്ച ചെയ്യപ്പെട്ട തന്റെ '80-20' സൂത്രവാക്യമാണ് ആദിത്യനാഥ് ആവര്‍ത്തിച്ചത്. ബിജെപിയും സഖ്യകക്ഷികളും 80 ശതമാനം വോട്ടുകള്‍ നേടുമെന്നും, ബാക്കി 20 ശതമാനം വോട്ടുകള്‍ പ്രതിപക്ഷത്തിന് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
2022ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദ്യമായി '80-20' സൂത്രവാക്യം അവതരിപ്പിച്ചത്. ദേശീയതയിലും സത്ഭരണത്തിലും വികസനത്തിലും വിശ്വസിക്കുന്നവരായ 80 ശതമാനം വോട്ടര്‍മാര്‍ ബിജെപിക്ക് വോട്ട് ചെയ്യുമെന്നും, ബാക്കിയുള്ള 20 ശതമാനം പേര്‍ പ്രതിപക്ഷത്തെ പിന്തുണയ്ക്കുമെന്നാണ് അന്ന് അദ്ദേഹം പറഞ്ഞത്. ബിജെപി 350 സീറ്റുകള്‍ എന്ന കടമ്പ കടക്കുമോ എന്ന് പ്രത്യേകം ചോദിച്ചപ്പോള്‍ ഭരണസഖ്യം നിയമസഭാ സീറ്റുകളില്‍ കുറഞ്ഞത് 80 ശതമാനമെങ്കിലും നേടുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. എന്നാല്‍, കൃത്യമായി എത്ര സീറ്റുകള്‍ ലഭിക്കുമെന്ന് അദ്ദേഹം പ്രവചിച്ചിട്ടില്ല.
ഉത്തര്‍പ്രദേശില്‍ 403 നിയമസഭാ മണ്ഡലങ്ങളാണുള്ളത്. 80 ശതമാനം സീറ്റുകള്‍ നേടുമെന്ന ആദിത്യനാഥിന്റെ പ്രവചനം യാഥാര്‍ത്ഥ്യമാകണമെങ്കില്‍, ബിജെപി നയിക്കുന്ന എന്‍ഡിഎയ്ക്ക് ഏകദേശം 322 സീറ്റുകള്‍ ലഭിക്കണം. ബാക്കി 81 സീറ്റുകളാണ് പ്രതിപക്ഷത്തിന് ലഭിക്കുക. കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിലെ എന്‍ഡിഎയുടെ പ്രകടനം കണക്കിലെടുക്കുമ്പോള്‍ ഈ പ്രവചനം ശ്രദ്ധേയമാണ്. 2017ല്‍ എന്‍ഡിഎ 325 സീറ്റുകള്‍ നേടിയിരുന്നു. ഇതില്‍ 312 സീറ്റുകളും ബിജെപിയുടേതായിരുന്നു. എന്നാല്‍ 2022ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ സീറ്റുകളുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായി. അന്ന് 273 സീറ്റുകളാണ് അവര്‍ക്ക് ലഭിച്ചത് (ഇതില്‍ 255 സീറ്റുകള്‍ ബിജെപിയുടേതായിരുന്നു).
2022ല്‍ നഷ്ടപ്പെട്ട സ്വാധീനം തിരിച്ചുപിടിക്കാനും, സംസ്ഥാനത്ത് വീണ്ടും വ്യക്തമായ ഭൂരിപക്ഷം നേടാനുമുള്ള ശ്രമത്തിലാണ് ഭരണസഖ്യം. എന്നാല്‍ രാമക്ഷേത്ര സംഭാവന കൊള്ള അടക്കം മുഖ്യ പ്രചാരണ വിഷങ്ങളായി പ്രതിപക്ഷം ഉയര്‍ത്തിക്കൊണ്ടുവരുന്നത് ബിജെപിയെ പ്രതിരോധത്തിലാക്കിയേക്കാമെന്നും വിലയിരുത്തലുണ്ട്.
